ദില്ലി: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 99 റൺസിനു പുറത്ത്. ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോറും ഇന്ത്യക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറുമാണിത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക 100 റൺസിൽ താഴെ ഓൾ ഔട്ടാവുന്നത്. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ഏറ്റവും കുറഞ്ഞ ഏകദിന ടോട്ടൽ കുറിച്ച ദക്ഷിണാഫ്രിക്ക 28 ഓവറിൽ ഓൾ ഔട്ടായി. ദക്ഷിണാഫ്രിക്കൻ ടീമിൽ വെറും മൂന്നുപേർമാത്രമാണ് രണ്ടക്കം കണ്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ തന്നെ തിരിച്ചടി നേരിട്ടു. ടീം സ്കോർ ഏഴുറൺസിൽ നിൽക്കെ ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ വാഷിങ്ടൺ സുന്ദർ പുറത്താക്കി. 10 പന്തിൽ ആറുറൺസെടുത്ത ഡി കോക്കിനെ സുന്ദർ ആവേശ് ഖാന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ മറ്റൊരു ഓപ്പണറായ ജാന്നേമാൻ മലാനും പുറത്തായി. 15 റൺസെടുത്ത മലാനെ മുഹമ്മദ് സിറാജ് ആവേശ് ഖാന്റെ കൈയ്യിലെത്തിച്ചു. സിറാജിൻ്റെ ഷോർട്ട് പിച്ച് ബോൾ നേരിടുന്നതിൽ താരം പിഴവുവരുത്തി. പിന്നാലെ വന്ന റീസ ഹെൻഡ്രിക്സും (3) എയ്ഡൻ മാർക്രവും (9) അപകടകാരിയായ ഡേവിഡ് മില്ലറും (7) ആൻഡിൽ ഫെലുക്വായോയും (5) നിലയുറപ്പിക്കുംമുൻപ് പുറത്തായതോടെ ദക്ഷിണാഫ്രിക്ക വലിയ തകർച്ചയിലേക്ക് വീണു. വെറും 71 റൺസെടുക്കുന്നതിനിടെ ആറുവിക്കറ്റുകൾ നിലംപൊത്തി. 41 പന്തുകളിൽ നിന്ന് നാല് ബൗണ്ടറിയടക്കം 34 റൺസെടുത്ത ക്ലാസനെ ഷഹബാസ് അഹമ്മദ് ക്ലീൻ ബൗൾഡാക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 93 റൺസിന് ഏഴുവിക്കറ്റ് ഏഴുവിക്കറ്റ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി. പിന്നാട് വന്ന ഇമാദ് ഫോർട്യൂയിനെയും (1) ആന്റിച്ച് നോർക്യെയെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കി കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കയെ തകർത്തു. ടീം സ്കോർ 99-ൽ നിൽക്കേ അവസാന പ്രതീക്ഷയായിരുന്ന മാർക്കോ യാൻസണെയും വീഴ്ത്തി കുൽദീപ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് തിരശ്ശീലയിട്ടു. വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.