ന്യൂഡൽഹി: രാജ്യത്തെ 50-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെ നിയമിക്കാൻ ശുപാർശ. തൻ്റെ പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ചു കൊണ്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് യു.യു.ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി. ശുപാർശയുടെ പകർപ്പ് നിയുക്ത ചീഫ് ജസ്റ്റിസിന് രാവിലെ പത്തേ കാലിന് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ വച്ച് ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൈമാറി. നവംബർ 9ന് ജസ്റ്റിസ് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രണ്ട് വർഷമാകും അദ്ദേഹത്തിൻ്റെ കാലാവധി. നവംബർ 10 നാണ് ജസ്റ്റിസ് യു.യു ലളിത് വിരമിക്കുന്നത്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് 1998 ൽ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. 2013ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. 2016 മെയ് 13-നായിരുന്നു ഡി.വൈ ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം.
ഡി.വൈ. ചന്ദ്രചൂഢിൻ്റെ പിതാവ് വൈ.വി. ചന്ദ്രചൂഢ് ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ ആയിരുന്നു വൈ.വി. ചന്ദ്രചൂഢ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി വൈ.വി. ചന്ദ്രചൂഢ് ആയിരുന്നു.