പാലക്കാട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ നീലപാട് സ്വീകരിച്ച പാലക്കാട് ജില്ലാ കമ്മിറ്റിയെ പിരിച്ചു വിടും. പിരിച്ച് വിടലിന് മുന്നോടിയായി എം എസ് എഫ് പാലക്കാട് ജില്ലാ കൗൺസിൽ യോഗം വിളിച്ച് ചേർത്തു. ഹരിത വിഷയത്തിൽ സംസ്ഥാന പ്രസിഡന്റിനെതിരെ കടുത്ത നിലപാടാണ് എം എസ് എഫ് പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരിച്ചത്. ആലപ്പുഴ, വയനാട് ജില്ലാ കമ്മിറ്റികൾ നേരത്തെ പിരിച്ച് വിട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലാ പ്രസിഡന്റുമാരെ സ്ഥാനത്ത് നിന്ന് നേരത്തെ നീക്കം ചെയ്തിരുന്നു.
നിലവിലെ പാലക്കാട് ജില്ലാ പ്രസിഡന്റ് ബിലാൽ മുഹമ്മദിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാണ് എം എസ് എഫ് പാലക്കാട് ജില്ലാ കൗൺസിൽ യോഗം വിളിച്ച് ചേർത്തത്. പി കെ നവാസിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ബിലാൽ മുഹമ്മദ് കത്തയച്ചിരുന്നു. ഇതിനെതിരായ പ്രതികാര നടപടിയാണ് ബിലാലിനെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നവാസിൻ്റെ നീക്കം. പാലക്കാട്ടെ ലീഗ് അസ്ഥാനത്താണ് ജില്ലാ കൗൺസിൽ യോഗം വിളിച്ച് ചേർത്തത്.