സന്ദീപ് വാര്യർക്ക് പരോക്ഷ പിന്തുണയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. നീതികേടുകൾക്ക് മുന്നിൽ നിശബ്ദരാകുന്നത് നിസ്സഹായതല്ല. വിപ്ലവത്തിന് വേണ്ടിയുള്ള കാത്തിരിപ്പെന്നും എം ടി രമേശിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയിരുന്നു. സന്ദീപ് വാര്യർക്കെതിരായ നടപടിയിൽ ബി.ജെ.പിയിൽ വലിയ പൊട്ടിത്തെറിയെന്ന വാർത്തയെ ശരിവയ്ക്കുന്നതാണ് എംടി രമേശിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.
അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ്റെ ഫെയ്സ്ബുക്ക് പേജിൽ സന്ദീപ് വാര്യർ അനുകൂലികളുടെ പൊങ്കാല നിറയുകയാണ്. ബി.ജെ.പിയിൽ നടക്കുന്നത് ഗ്രൂപ്പ് പ്രവർത്തനമെന്നാണ് അണികളുടെ അഭിപ്രായം. കെ സുരേന്ദ്രനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. രാജിവച്ചു പുറത്തുപോകൂ എന്നും അങ്ങനെയെങ്കിലും ബിജെപി നന്നാവട്ടെയെന്നുമാണ് ഒരു കമന്റ്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നായിരുന്നു കോട്ടയത്ത് ചേർന്ന കോർകമ്മിറ്റി യോഗത്തിൻ്റെ നടപടി. സംഘടനാപരമായ നടപടി എന്തിൻ്റെ പേരിലാണെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. അതേസമയം കെ.സുരേന്ദ്രൻ്റെ മകൻ്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സന്ദീപ് വാര്യർ സ്വീകരിച്ച നിലപാടാണ് സ്ഥാനത്ത് നിന്നും നീക്കുവാൻ കാരണമെന്നാണ് മറുപക്ഷം ആരോപിക്കുന്നു.
പാർട്ടി അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണപ്പിരിവ് നടത്തിയെന്ന പരാതിയെ തുടർന്നാണ് സന്ദീപ് വാര്യർക്കെതിരെ നടപടിയെടുത്തത്. ബിജെപിയുടെ നാല് ജില്ലാ അധ്യക്ഷന്മാരാണ് സന്ദീപ് വാര്യർക്കെതിരെ പരാതി നൽകിയിരുന്നത്. തങ്ങളുടെ അറിവില്ലാതെ ജില്ലകളിൽ നിന്ന് സന്ദീപ് വാര്യർ ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തുവെന്നാണ് ഇവർ നേതൃത്വത്തിന് പരാതി നൽകിയത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലാ അധ്യക്ഷന്മാരാണ് പരാതി നൽകിയത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ സംഘടനാ ജനറൽ സെക്രട്ടറിമാരായ എം ഗണേശനും, കെ സുഭാഷും ഉൾപ്പെടുന്ന സമിതി, പരാതി നൽകിയ ജില്ലാ അധ്യക്ഷന്മാരെയും സന്ദീപ് വാര്യരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. എന്നാൽ സന്ദീപ് വാര്യർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ.
പെട്രോൾ പമ്പിന് അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞ് തൃശ്ശൂരിലെ വ്യവസായിയിൽ നിന്ന് 20 ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നാണ് സന്ദീപ് വാര്യർക്കെതിരായ പ്രധാന ആരോപണം. വയനാട്ടിൽ ടൂറിസം പദ്ധതിയുടെ പേരിൽ പണപിരിവ് നടത്തി കർഷക നേതാക്കളിൽ നിന്നും പണം കൈപ്പറ്റി, പാർട്ടിക്കുള്ള ഫണ്ടിന് സ്വന്തം അക്കൗണ്ട് നമ്പർ നൽകി തുടങ്ങി നിരവധി ആരോപണങ്ങൾ സന്ദീപ് വാര്യർക്കെതിരെയുണ്ട്. പ്രാഥമികാന്വേഷണത്തിൽ തന്നെ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് ബിജെപി നേതൃത്വത്തിന് ബോധ്യമായിരുന്നു.