എൽദോസ് കുന്നപ്പിള്ളി എംഎൽഎ കോവളം യാത്രയിൽ വച്ച് തന്നെ മർദിച്ചത് ഗസ്റ്റ് ഹൗസിൽ റൂമെടുത്ത് താമസിക്കാൻ തയ്യാറാവഞ്ഞതിനെന്ന് യുവതി. വഞ്ചിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11-ലെ ജഡ്ജിക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 14നായിരുന്നു സംഭവം. കോവളത്ത് വെച്ച് എംഎൽഎ ഗസ്റ്റ് ഹൗസിൽ താമസിക്കാൻ വിളിച്ചു . ഇതിന് തയ്യാറാവഞ്ഞതിനെത്തുടർന്നാണ് ബീച്ചിലേക്ക് പോകുന്നതിനിടയിൽ സൂയിസൈഡ് പോയിന്റിൽ വച്ച് എംഎൽഎ മർദിച്ചതെന്നും ഇവർ വ്യക്തമാക്കി.
യുവതിയെ കാണാൻ ഇല്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുക്കൾ വഞ്ചിയൂർ പൊലീസിന് പരാതി നൽകിയിരുന്നു. ഈ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോളാണ് യുവതി മൊഴി നൽകിയത്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ തന്നെ വീണ്ടും മർദിച്ചു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ഇതിനായി ബോണ്ടിൽ ഒപ്പിടാൻ എംഎൽഎ തന്നെ നിർബന്ധിച്ചുവെന്നും മൊഴിയിൽ പറയുന്നു.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുൻപ് യുവതിയെ തിരുവനന്തപുരത്ത് വെച്ചാണ് എംഎൽഎ കണ്ടത്. തുടർന്ന് വക്കീൽ ഓഫിസിലേക്ക് കൂട്ടി കൊണ്ടുപോവുകയും പരാതി പിൻ വലിക്കുമെന്ന് എഴുതി വാങ്ങാൻ ശ്രമിക്കുകയും ഇതിനായി 30 ലക്ഷം രൂപ വാഗ്ദാനവും ചെയ്തു. എന്നാൽ ഓഫർ നിരസിച്ചതോടെ, തന്നെ ഇയാൾ മർദിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇവർക്ക് പിൻകഴുത്തിൽ പരുക്കേറ്റതിൻ്റെ വൂണ്ട് സർട്ടിഫിക്കറ്റ് പോലീസിന് ലഭിച്ചിട്ടുണ്ട്. താൻ നാട് വിടാൻ കാരണം എംഎൽഎ ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തിയതിനാലാണെന്നും യുവതി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
യുവതിയുടെ മൊഴി കോവളം പോലീസ് രാവിലെ രേഖപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ പോലീസ് കേസെടുക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുക.