എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇന്ന് ഇന്ധനവില കൊള്ളയ്ക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു. എൽ.ഡി.എഫ് സമരത്തിൽ ഇരുപത് ലക്ഷം പേർ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ ഇന്ധനവില കൊള്ളയ്ക്കെതിരെയാണ് ഇന്ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുക.
വൈകുന്നേരം നാലിന് സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷം കേന്ദ്രങ്ങളിൽ ഇരുപതു ലക്ഷത്തിലധികം പേർ അണിനിരക്കും. ഇന്ധനവില വർധനവിനെതിരെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമായി മാറ്റാനാണ് തീരുമാനം.
തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിലാണ് പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാകും അണിനിരക്കുക.
ഒരു സമരകേന്ദ്രത്തിൽ നാലുപേർവീതം പങ്കെടുക്കും.
പഞ്ചായത്തിൽ ഒരു വാർഡിൽ 25 കേന്ദ്രത്തിലും മുനിസിപ്പാലിറ്റി–- കോർപറേഷൻ വാർഡുകളിൽ നൂറുകേന്ദ്രത്തിലും പ്രതിഷേധം നടക്കും.
ഇന്ധനവില കൊള്ളയ്ക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ കേരളം ഉയർത്തുന്ന ജനകീയ പ്രതിഷേധം ചരിത്ര വിജയമാക്കണമെന്ന് കൺവീനർ എ. വിജയരാഘവൻ അഭ്യർത്ഥിച്ചു.
കോവിഡ് ദുരിതത്തിൽ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്പോൾ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നത്. എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച് മോഡി സർക്കാരും ബിജെപിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണ കമ്പനികളിൽ നിന്നും കോടികളാണ് ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങളെ പകൽക്കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.