പെരുമ്പാവൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതിയിൽ തൽക്കാലം നടപടി വേണ്ടെന്ന് യുവതി. ബന്ധുക്കളുമായി ആലോചിച്ച് തിങ്കളാഴ്ച്ച തീരുമാനം അറിയിക്കാമെന്ന് യുവതി കോവളം പോലീസിനെ അറിയിച്ചു.
കോവളം സന്ദർശനത്തിനിടെ എൽദോസ് കുന്നപ്പിള്ളി എംഎൽഎ മർദ്ദിച്ചു എന്നാരോപിച്ച് ആലുവാ സ്വദേശിനി ഒരാഴ്ച മുൻപാണ് പരാതി നൽകിയത്. ജംഗ്ഷനിൽ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടയിൽ സൂയിസൈഡ് പോയിൻ്റ് എന്ന സ്ഥലത്ത് വച്ചു മർദ്ദിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം പോലീസ് കമ്മിഷണർക്കാണ് യുവതി പരാതി നൽകിയത്. സിറ്റി പൊലീസ് കമ്മീഷണർ കോവളം സ്റ്റേഷനിലേക്ക് ഒരാഴ്ച മുൻപാണ് പരാതി ഫോർവെഡ് ചെയ്തത്.
കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിച്ചപ്പോഴാണ് സംഭവം. വർഷങ്ങളായി സുഹൃത്തുക്കളാണിവർ. വട്ടിയൂർക്കാവിലെ സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. കൂടുതൽ വിവരങ്ങൾ തേടി പോലീസ് ഇവരെ തിങ്കളാഴ്ച സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. വിവരം പുറത്തു വന്നതോടെ പരാതി പിൻവലിപ്പിക്കാൻ എംഎൽഎയും യുഡിഎഫ് നേതാക്കളും യുവതിയെ സമ്മർദ്ദം ചെലുത്തിയതോടെയാണ്, പരാതിയിൽ തത്ക്കാലം നടപടി വേണ്ടെന്ന തീരുമാനത്തിൽ എത്തിയത്.