യുപിയിൽ ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ ചുട്ടുകൊന്നു. മൂന്ന് മാസം മുൻപ് ബലാത്സംഗം ചെയ്ത പെൺകുട്ടിയെയാണ് ഗർഭിണിയായതിനെ തുടർന്ന് തീയിട്ട് കൊന്നത്. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മൂന്ന് മാസങ്ങൾക്ക് മുൻപ് അഭിഷേക് എന്നയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ പെൺകുട്ടി ഇത് പുറത്ത് പറഞ്ഞിരുന്നില്ല. വയറുവേദന കാരണം ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലായത്. തുടർന്ന് വിവരം പഞ്ചായത്തിനെ അറിയിക്കുകയും ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് യോഗം തീരുമാനിക്കുകയും ചെയ്തു.
ഇതിനുശേഷം പ്രതിയുടെ അമ്മ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും വീട്ടിൽ വച്ച് പെൺകുട്ടിയെ തീകൊളുത്തുകയും ചെയ്യുകയായിരുന്നു എന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിന്മേൽ ഐപിസി 307, 376 വകുപ്പുകളും പോക്സോ വകുപ്പും പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ഇവർക്കായി തെരച്ചിൽ നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.