കൊവിഡ് കാലമായ 2020ല്‍ ലോകത്ത് ദരിദ്രരായി മാറിയവരില്‍ 80 ശതമാനം ആളുകളും ഇന്ത്യക്കാരെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ‘ പോവര്‍ട്ടി ആന്‍ഡ് ഷെയേഡ് പ്രോസ്പെറിറ്റി 2022: കറക്ടിംഗ് ദ കോഴ്സ് ‘ എന്ന പേരില്‍ വേള്‍ഡ് ബാങ്ക് തയ്യാറാക്കിയ റിപ്പോര്ട്ടിൻ്റെതാണ്
കണക്കുകള്‍. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം 2020ല്‍ ലോകത്ത് 7 കോടി ജനങ്ങള്‍ ദരിദ്രരായി മാറി. ഇതില്‍ 5.6 കോടി ജനങ്ങളും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2019ല്‍ ലോകജനസംഖ്യയുടെ 8.4 ശതമാനം പേര് അതീവ ദരിദ്രരാണെന്നായിരുന്നു കണക്ക്. 2020ല്‍ ഇത് 9.3 ശതമാനമായി ഉയര്‍ന്നു. 70 കോടിയിലേറെ ജനങ്ങള്‍ ദരിദ്രരാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറേ പതിറ്റാണ്ടുകള്‍ക്കിടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ശ്രമങ്ങള്‍ക്ക് ഇതാദ്യമായി 2020ല്‍ തിരിച്ചടിയേറ്റെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
2011 മുതല്‍ രാജ്യത്തെ ദാരിദ്ര്യം സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി വിവരങ്ങള്‍ പരസ്യപ്പെടുത്താറില്ല. ഈ പശ്ചാത്തലത്തില്‍ സെൻ്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ലോകബാങ്ക് വ്യക്തമാക്കി. ഇന്ത്യ ദാരിദ്ര്യം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പരസ്യപ്പെടുത്താത്തത് ആഗോള ദാരിദ്ര്യത്തിൻ്റെ കൃത്യമായ കണക്കുകള്‍ തയ്യാറാക്കുന്നതിന് തടസമാവുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.