രാജ്യത്ത് ഏറ്റവും കൂടുതൽ ശൈശവവിവാഹം നടക്കുന്ന സംസ്ഥാനമായി ജാർഖണ്ഡ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ ‘ഡെമോഗ്രാഫിക് സാമ്പിൾ’ സർവേയിലാണ് കണ്ടെത്തൽ. ആഭ്യന്തര മന്ത്രാലയത്തിലെ രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് നടത്തിയ സർവേ പ്രകാരം പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ ശതമാനം ജാർഖണ്ഡിൽ 5.8 ആണ്. ജാർഖണ്ഡിൽ ഗ്രാമപ്രദേശങ്ങളിൽ 7.3 ശതമാനവും നഗരപ്രദേശങ്ങളിൽ 3 ശതമാനവുമാണ് ശൈശവവിവാഹങ്ങൾ.
21 വയസ്സിന് മുമ്പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരാകുന്ന സംസ്ഥാനം കൂടിയാണ് ജാർഖണ്ഡും. ജാർഖണ്ഡിന് പുറമെ പശ്ചിമ ബംഗാളിലും 21 വയസ്സിന് മുമ്പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരാകുന്നുണ്ട്. പശ്ചിമ ബംഗാളിൽ 54.9 ശതമാനം പെൺകുട്ടികളും 21 വയസ്സിന് മുമ്പ് വിവാഹിതരാകുമ്പോൾ, ജാർഖണ്ഡിൽ 54.6 ശതമാനമുണ്ട്. എന്നാൽ ദേശീയ ശരാശരി 29.5 ശതമാനമാണ്.