മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് സ്ഥാപിച്ച ബോർഡുകളും ബാനറുകളും നശിപ്പിക്കാൻ ശ്രമിച്ച ന്യൂമാഹി സ്റ്റേഷനിലെ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എസ്എച്ച്ഒ വിപിനെ ഇതിനകം സ്ഥലം മാറ്റിയിട്ടുണ്ട്. ഉത്തരവാദികളായ മറ്റുള്ളവരുടെ പേരിലും നടപടി വേണമെന്നും ഇതൊരിക്കലും അംഗീകരിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടിയേരിയുടെ ജന്മനാടായ ഈങ്ങയിൽപ്പീടിക അടക്കമുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളുമാണ് ഒന്നു മുന്നറിയിപ്പുമില്ലാതെ പോലീസ് നീക്കം ചെയ്തത്. കോടിയേരി നോർത്ത്, സൗത്ത്, ന്യൂമാഹി ലോക്കൽ കമ്മിറ്റികൾക്ക് കീഴിലുള്ള എല്ലാ ബ്രാഞ്ചുകളും അന്തരിച്ച സഖാവിന് ആദരാഞ്ജലികൾ അർപ്പിച്ച് ബോർഡുകൾ സ്ഥാപിച്ചിരുന്നു.
രാവിലെ വിവരമറിഞ്ഞ ഉടൻ തന്നെ പാർടി പ്രവർത്തകർ ന്യൂമാഹി പോലീസ് സ്റ്റേഷനിലെത്തി. കോടിയേരിയുടെ ചിത്രമുള്ള ബോർഡുകളും ബാനറുകളും അലക്ഷ്യമായി വലിച്ചെറിയപ്പെട്ട നിലയിലാണ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നത്. സ്വാഭാവികമായും പാർടി പ്രവർത്തകരുടെ രോഷം ഇരട്ടിച്ചു. തലശേരി ഏരിയാ കമ്മിറ്റി അംഗം വി പി വിജേഷിൻ്റെ നേതൃത്വത്തിൽ സ്റ്റേഷനുള്ളിൽ പ്രവർത്തകരുടെ പ്രതിഷേധമിരമ്പി. തുടർന്നാണ് ബോർഡുകളും ബാനറുകളും തിരിച്ചുകൊണ്ടുവെയ്ക്കാമെന്ന് പോലീസുകാർ സമ്മതിച്ചത്. അതോടെ പാർടി പ്രവർത്തകരും പ്രതിഷേധം അവസാനപ്പിച്ച് മടങ്ങി. ന്യൂമാഹി എസ്എച്ച്ഒ വിപിനെതിരെ ഡിവൈഎഫ്ഐ നോർത്ത് മേഖലാ സെക്രട്ടറി ഷൈൻ കുമാർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.