ടൂറിസ്റ്റ് ബസ്സുകൾക്ക് കളർകോഡ് നടപ്പാക്കാൻ സാധിക്കാത്തത് ഹൈക്കോടതി സ്റ്റേ കാരണമെന്ന് മന്ത്രി ആന്റണി രാജു. സ്റ്റേ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനങ്ങൾക്ക് സർവീസ് അനുവദിക്കണമെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകാനും സർക്കാർ തീരുമാനിച്ചു. അടുത്ത ആഴ്ച തന്നെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്റണി രാജു.
വടക്കഞ്ചേരി അപകടത്തിൻ്റെ പശ്ചാതലത്തിൽ സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളിലെ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തുടരുന്നു. നിയമ ലംഘനം നടത്തിയ ബസുകൾക്കെതിരെ നടപടിയും വകുപ്പ് ആരംഭിച്ചു. ഈ മാസം 16 വരെയാണ് ഓപ്പറേഷൻ ഫോക്കസ് ത്രി എന്ന പേരിൽ പ്രത്യേക ഡ്രൈവ് തീരുമാനിച്ചിരിക്കുന്നത്. കോൺട്രാക്ട് കാര്യേജുകളിൽ അനധികൃത രൂപമാറ്റം, അമിത വേഗത, സ്പീഡ് ഗവർണറുകളിൽ കൃത്രിമം, ലൈറ്റുകൾ, ഡാൻസ് ഫ്ലോർ, അമിതശബ്ദ സംവിധാനം മുതലായ കുറ്റകൃത്യങ്ങൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കുകയാണ് ഓപ്പറേഷൻ ഫോക്കസ് ത്രീ എന്ന പ്രത്യേക ഡ്രൈവിൻ്റെ ലക്ഷ്യം. നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ വിവിധ ജില്ലകളിൽ നടപടിയും ആരംഭിച്ചു.
പരിശോധനയുടെ രണ്ടാം ദിനത്തിൽ അനധികൃത എയർഹോണുകളും നമ്പർ പ്ലേറ്റുകൾ മറച്ച നിലയിലുള്ള ടൂറിസ്റ്റ് ബസുകളും കണ്ടെത്തി. നികുതിയടക്കാതെയും ബസുകൾ യാത്ര ചെയ്യുന്നുണ്ട്. ബസുകളിൽ ലേസർ ലൈറ്റുകളും ഭീമൻ സബ് വൂഫറുകളും സ്മോക് മെഷീനുകൾ ഘടിപ്പിച്ചതും കണ്ടെത്തിയിട്ടുണ്ട്. ഇവ പൂർണമായും ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇല്ലാത്ത പക്ഷം ബസ്സിൻ്റെ ഫിറ്റ്നസ് റദ്ദാക്കും. ടൂറിസം കേന്ദ്രങ്ങളും പ്രധാന റോഡുകളും കേന്ദ്രീകരിച്ചാണ് മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന. ബ്ളാക്ക് ലിസ്റ്റിൽ പെടുത്തേണ്ട ബസുകളുടെ പട്ടികയും പരിശോധനയുടെ ഭാഗമായി വകുപ്പ് തയ്യാറാക്കുന്നുണ്ട്.