തിരുവനന്തപുരം: വടക്കാഞ്ചേരി ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകുന്നത് പതിമൂന്നാം തീയതി ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കെഎസ്ആർടിസിയിൽ നിന്നുള്ള ധനസഹായത്തിന് പ്രത്യേക സെസ് ഉണ്ട്. റിസർവേഷൻ ചെയ്ത് യാത്ര ചെയ്തവർക്ക് പത്തുലക്ഷം രൂപ സഹായം ലഭിക്കും. റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്തവർക്ക് അഞ്ച് ലക്ഷവും ലഭിക്കും. ഇത് കൂടാതെ സർക്കാർ സഹായവും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രാഥമികമായിട്ടുള്ള എല്ലാ സഹായങ്ങളും ചെയ്തുവെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മറ്റൊരു കാറിനെ മറികടക്കാൻ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ഒൻമ്പത് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അഞ്ജന അജിത് (16), അധ്യാപകനായ വിഷ്ണു(33) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരാണ് മരിച്ചത്.