കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക പിസിസി അധ്യക്ഷനും മുൻ മന്ത്രിയുമായിരുന്ന ഡി കെ ശിവകുമാറിനെയും സഹോദരനെയും എൻഫോയ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡൽഹിയിലെ എൻഫോയ്സ്മെന്റ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുഖ്യ പ്രതികളായ നാഷണൽ ഹെറാൾഡ് കേസിൽ, യങ് ഇന്ത്യ ലിമിറ്റഡുമായി ഡികെ ശിവകുമാർ നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതനുസരിച്ച് ഇരുവരും ഡൽഹിയിൽ എത്തുകയായിരുന്നു.
ഭാതത് ജോഡോ യാത്ര കർണാടകയിലൂടെ കടന്നു പോകുന്നതിനാൽ തീയതി മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഏജൻസി തള്ളുകയായിരുന്നു. അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവകുമാർ ഇ ഡി ഓഫീസിൽ നിന്നും മടങ്ങി. യങ് ഇന്ത്യ ലിമിറ്റഡിന് ഇരുവരും സംഭാവന നൽകിയ പണത്തിൻ്റെ ഉറവിടത്തെ കുറിച്ചായിരുന്നു ചോദ്യങ്ങൾ. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് ചോദ്യം ചെയ്യലിൽ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.
വഴി വിട്ട് സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ കഴിഞ്ഞ മാസവും ശിവകുമാറിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കേസിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങി പ്രമുഖ കോൺഗ്രസ് നേതാക്കളെയെല്ലാം നേരത്തെ തന്നെ എൻഫോയ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.