സോൾ: ദക്ഷിണ കൊറിയൻ വ്യോമമേഖലയ്ക്കു സമീപം 12 ഉത്തര കൊറിയൻ വിമാനങ്ങൾ പറന്നതായി റിപ്പോർട്ട്. എട്ട് ഫൈറ്റർ വിമാനവും നാല് ബോംബർ വിമാനങ്ങളുമാണ് യുദ്ധസജ്ജമെന്ന് തോന്നുംവിധമുള്ള വിന്യാസത്തിൽ പറന്നതെന്ന് ദക്ഷിണ കൊറിയൻ സൈന്യം ചൂണ്ടിക്കാട്ടി. സംയുക്ത കൊറിയൻ വ്യോമാതിർത്തിക്ക് വടക്കായാണ് വിമാനങ്ങൾ അഭ്യാസം നടത്തിയത്. മറുപടിയായി ദക്ഷിണ കൊറിയ 30 യുദ്ധവിമാനം സജ്ജമാക്കിയതായും റിപ്പോർട്ടുണ്ട്.
കൊറിയൻ കടലിൽ യുഎസ് വിമാനവാഹിനി നങ്കൂരമിട്ടതിൽ പ്രകോപിതരായി ഉത്തര കൊറിയ ജപ്പാനിലേക്ക് 2 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ കൂടി തൊടുത്തു. മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനുമിടയിൽ വീണു. ഇതിനുപിന്നാലെയാണ് ഉത്തര കൊറിയ മേഖലയിൽ യുദ്ധവിമാനങ്ങളുടെ പരിശീലനം നടത്തിയത്. ഉത്തര കൊറിയയുടെ സുരക്ഷയ്ക്ക് യുഎസ് വിമാനവാഹിനി ഭീഷണിയാണെന്നും കടുത്ത നടപടികൾ ഉണ്ടാവുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പു നൽകി. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ യുദ്ധവിമാനങ്ങൾ കൊറിയൻ ഉപദ്വീപിൽ സംയുക്ത അഭ്യാസം നടത്തി. നിരീക്ഷണം ശക്തമാക്കിയതായി ദക്ഷിണ കൊറിയയുടെ സേനാ മേധാവി അറിയിച്ചു. യുഎൻ രക്ഷാസമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
നേരത്തെ ഉത്തരകൊറിയയ്ക്കുള്ള മറുപടിയെന്നോണം ദക്ഷിണ കൊറിയൻ സൈന്യം നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പരാജയപ്പെട്ടിരുന്നു. മിസൈൽ തൊടുക്കാൻ കഴിയാതെ നിലത്തുവീഴുകയും വൻ തീപിടുത്തത്തിന് കാരണമാവുകയും ചെയ്തിരുന്നു. അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനിടെയാണ് സംഭവം.