പാരിസ്: അടുത്ത മാസം ഖത്തറിൽ നടക്കുന്ന ലോകകപ്പ് തൻ്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കുമെന്ന് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി. ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി താൻ കാത്തിരിക്കുകയാണെന്നും മെസി ലാറ്റിനമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ സ്റ്റാർ പ്ലസിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
“ഇതെൻ്റെ അവസാന ലോകകപ്പാണോ എന്നോ? അതെ, തീർച്ചയായും അതെ. ഞാൻ ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്. ആകാംക്ഷയും പേടിയുമുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന പേടിയാണ്. ഇതാണ് അവസാന ലോകകപ്പ്. എങ്ങനെയാണ് കളിക്കാൻ പോകുന്നതെന്ന ചിന്തയാണ്. ലോകകപ്പ് വിജയസാധ്യത ഏറെയുള്ള ടീമാണ് ഞങ്ങൾ എന്നതിനെപ്പറ്റി അറിയില്ല. ഞങ്ങളെക്കാൾ മികച്ച ടീമുകളുണ്ട്. പക്ഷേ, ഞങ്ങളും ഏറെ അകലെയല്ല. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതായിരിക്കും. വിജയസാധ്യത ഏറെയുള്ള ടീം എല്ലാ കളിയും ജയിക്കണമെന്നില്ല.”- മെസി പറഞ്ഞു.
”ഏറെ നാളായി ഞാൻ ദേശീയ ടീമിനൊപ്പം കളിക്കുകയാണ്. 2014, 2015, 2016 വർഷങ്ങളിലെ പോലെ ഗംഭീരമായ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അന്ന് ഞങ്ങൾ വിജയിച്ചില്ല. ചാമ്പ്യന്മാരല്ലാത്തതിന് വിമർശിക്കപ്പെട്ടു. ഫൈനൽ വരെ ഞങ്ങൾ എല്ലാം ശരിയായി ചെയ്തു. പോസിറ്റീവ് കാഴ്ചപ്പാടോടെയാണ് ഖത്തറിലേക്ക് പോകുന്നത്. ഇത് വളരെ ബുദ്ധിമുട്ടേറിയതാണ്. 2019ൽ നിരവധി യുവാക്കളുള്ള ഒരു പുതിയ ഗ്രൂപ്പ് വന്ന് കോപ്പ അമേരിക്ക നേടി. അത് ഞങ്ങളെ വളരെയധികം സഹായിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു.
അവസാന 35 കളിയിൽ തോൽവി അറിയാതെയാണ് മെസിയുടെ അർജൻറീന ഖത്തർ ലോകകപ്പിന് എത്തുന്നത്. മാത്രമല്ല, 2021 കോപ്പ അമേരിക്ക കിരീടം നേടിയതും അർജൻറീനയ്ക്ക് പ്രതീക്ഷയാണ്. ഖത്തറിൽ നവംബർ 22ന് സൗദി അറേബ്യക്ക് എതിരെയാണ് അർജൻറീനയുടെ ആദ്യ മത്സരം. ഇതിന് ശേഷം ഗ്രൂപ്പ് സിയിൽ മെക്സിക്കോ, പോളണ്ട് ടീമുകൾക്കെതിരെയും അർജൻറീനയ്ക്ക് മത്സരമുണ്ട്. ഖത്തറിൽ ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിക്കും മുമ്പ് യുഎഇയുമായി അർജൻറീനയ്ക്ക് വാംഅപ് മത്സരമുണ്ട്.