തമിഴ്നടൻ കാർത്തിയുടെ സർദാർ എന്ന ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. ഒക്ടോബർ 21ന് ദീപാവലി റിലീസായിട്ടാണ് സർദാർ എത്തുന്നത്. ചിത്രത്തിൽ ഒരു സ്പൈ ആയിട്ടാണ് കാർത്തി എത്തുന്നത്. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് ഇതിനോടകം സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്.
ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 55 ലക്ഷത്തിലധികം പേരാണ് ടീസർ യൂട്യൂബിൽ കണ്ടത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷി ഖന്ന, മലയാളി താരം രജിഷ വിജയൻ എന്നിവരാണ് നായികമാർ. സർദാർ ചിത്രം നിർമിച്ചിരിക്കുന്നത് പ്രിൻസ് പിക്ചേഴ്സിൻ്റെ ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ്.
കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.
ജോർജ് സി വില്യംസ് ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. റൂബനാണ് ‘സർദാർ’ എന്ന സിനിമയുടെ ചിത്രസംയോജനം നിർവഹിക്കുന്നത്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ ചിത്രമെത്തിക്കുന്നത്. ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഷോബി പോൾ രാജ് ആണ് നൃത്തസംവിധാനം.
നടൻ കാർത്തിയുടെ ഗ്രാഫാണിപ്പോൾ തമിഴ് – തെലുങ്ക് സിനിമാ രംഗത്ത് അനുദിനം ഉയർന്നു കൊണ്ടിരിക്കുന്നത്. ‘ വിരുമൻ ‘, ‘ പൊന്നിയിൻ സെൽവൻ ,’ എന്നീ സിനിമകളുടെ വിജയം താരത്തിൻ്റെ കരിയറിന് കൂടുതൽ കരുത്തേകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സർദാറും വലിയ വിജയം നേടുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഉള്ളത്.