വടക്കാഞ്ചേരി വാഹനാപകട കേസിൽ പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പത്രോസ് നിരവധി കേസുകളിൽ പ്രതി. എറണാകുളം സ്വദേശിയായ ജോമോനെതിരെ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ മാത്രം രണ്ട് കേസുണ്ട്. സജീവ കോൺഗ്രസ് പ്രവർത്തകനായ ഇയാൾ ഡിവൈഎഫ്ഐ ഇലഞ്ഞി ഓഫീസ് ആക്രമിച്ച കേസിലും പ്രതിയാണ്.
ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മറ്റൊരു കാറിനെ മറികടക്കാൻ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് വടക്കാഞ്ചേരിയിൽ അപകടമുണ്ടായത്. അപകടത്തിൽ ഒൻമ്പത് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. ടൂറിസ്റ്റ് ബസിൻ്റെ അമിതവേഗമാണ് അപകടത്തിന് കാരണം.
സംഭവ ശേഷം ഒളുവിൽ പോയ ജോമോനെ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിന് ഇടയിലാണ് പോലീസ് സാഹസികമായി പിടികൂടിയത്. ദേശീയ പാതയിൽ ശങ്കരമംഗലത്ത് വെച്ച് കൊല്ലം ചവറ പോലീസാണ് ജോമോനെ കസ്റ്റഡിയിലെടുത്തെത്. പിന്നീട് വടക്കാഞ്ചേരി പോലീസിന് കൈമാറുകയായിരുന്നു. ജോമോനെതിരെ മനഃപൂർവ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ജോമോനെ രക്ഷപെടാൻ സഹായിച്ച സുഹൃത്തുക്കളായ ടിനോ, അർജുൻ, വിഷ്ണു എന്നിവർക്കെതിരെയും കേസുണ്ട്.