രാജസ്ഥാനില്‍ നിയമസഭാ കക്ഷി യോഗം ബഹിഷ്കരിക്കുകയും സമാന്തര നിയമസഭാ കക്ഷി യോഗം ചേരുകയും ചെയ്ത സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള എഐസിസി നോട്ടീസിന് മറുപടി നല്‍കാതെ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍. രാജസ്ഥാന് പാര്‍ലമെൻ്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍, പാര്‍ട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി, ആര് ടി ഡി സി ചെയര്മാന് ധര്‍മേന്ദ്ര റാത്തോഡ് എന്നിവര്‍ക്കായിരുന്നു അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്‍പായി വിശദീകരണം നല്‍കുന്നതിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇവരില്‍ ശാന്തി ധരിവാള്‍ മാത്രമാണ് നിലവില്‍ മറുപടി നല്‍കിയിരിക്കുന്നത്.
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ ഇവരോട് പത്ത് ദിവസത്തിനകം മുറപടി നല്‍കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഈ കാലാവധി ഇന്നലെ അവസാനിച്ചപ്പോള്‍ രണ്ട് നേതാക്കള്‍ മറുപടി നല്‍കിയിട്ടില്ല. വൈകാതെ മറുപടി നല്‍കുമെന്നാണ് മഹേഷ് ജോഷിയുടെ വിശദീകരണമെങ്കിലും ധര്‍മേന്ദ്ര റാത്തോഡ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് പകരം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എ ഐ സി സി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസാക്കാന്‍ സെപ്റ്റംബര്‍ 25നായിരുന്നു നിയമസഭാ കക്ഷി യോഗം എ ഐ സി സി നിര്‍ദേശിച്ചതനുസരിച്ച് വിളിച്ചത്. എന്നാല്‍ 90 ലേറെ എംഎല്‍എമാര്‍ അശോക് ഗെഹ്ലോട്ടിൻ്റെ വസതിയിലെ ഈ യോഗം ബഹിഷ്കരിച്ച് സമാന്തരമായി മറ്റൊരു യോഗം ചേരുകയായിരുന്നു.