ശ്രീനാഥ് ഭാസിയെ വിലക്കിയതിൽ മമ്മൂട്ടി നടത്തിയ പ്രതികരണത്തിനെതിരെ നിർമാതാവ് ജി സുരേഷ് കുമാർ. അവതാരകയോട് അപമര്യാദയായി പെരുമാറിയ വിഷയത്തിലാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ശ്രീനാഥ് ഭാസിയെ വിലക്കിയത്. എന്നാൽ ഇത് തെറ്റാണെന്നും ആരുടേയും അന്നം മുടക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു മമ്മൂട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു നിർമാതാവായ ജി സുരേഷ് കുമാർ. മമ്മൂട്ടിയോ മോഹൻലാലോ എന്നല്ല. ആര് പറഞ്ഞാലും വിഷയത്തിൽ തങ്ങൾ ശക്തമായി പ്രതികരിക്കുമെന്നാണ് സുരേഷ് കുമാർ പറഞ്ഞത്. എല്ലാവർക്കും അന്നം നൽകുന്നവരാണ് നിർമാതാക്കൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ മമ്മൂട്ടി കാര്യങ്ങൾ ശരിയായി മനസിലാക്കിയ ശേഷമാണോ പ്രതികരിച്ചതെന്ന് സംശയമുണ്ട്. കാര്യങ്ങൾ മനസിലാക്കിയ ശേഷം മാത്രം മമ്മൂട്ടിയെ പോലൊരാൾ പ്രതികരിക്കണമായിരുന്നു. നടൻ്റെ പ്രതികരണത്തിന് പിന്നാലെ തന്നോട് പല മാധ്യമ പ്രവർത്തകരും ചോദ്യങ്ങളുമായി വന്നിരുന്നു. എന്നാൽ പരിശോധിച്ച ശേഷം പറയാമെന്ന് താൻ മറുപടി നൽകി. ഇപ്പോൾ വിഷയം പൂർണ്ണമായി മനസിലാക്കിയ ശേഷമാണ് താൻ പ്രതികരിക്കുന്നത്, സുരേഷ് കുമാർ പറഞ്ഞു. പണ്ട് തിലകൻ ഉൾപ്പടെയുള്ള പല അഭിനേതാക്കളെയും താരങ്ങളുടെ സംഘടനായ അമ്മ വിലക്കിയിട്ടുണ്ട്. അന്ന് നിർമ്മാതാക്കളുടെ സംഘടന അതിനെ ചോദ്യം ചെയ്തിട്ടില്ല. അതേപോലെ അന്തസ്സുള്ള നിലപാട് മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.