വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഗതാഗത, പോലീസ് വകുപ്പുകൾക്കാണ് നിർദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകണം.
നിരോധിച്ച ഫ്ളാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു എന്ന് നിരീക്ഷിച്ച കോടതി ആരാണ് ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും ചോദിച്ചു. ഒരു വാഹനത്തിലും ഫ്ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും നിർദേശമുണ്ട്.
ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മറ്റൊരു കാറിനെ മറികടക്കാൻ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ഒൻമ്പത് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അഞ്ജന അജിത് (16), അധ്യാപകനായ വിഷ്ണു(33) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അപകട കാരണം അന്വേഷിക്കുമെന്നും റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. വടക്കഞ്ചേരി അപകടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജുവും പറഞ്ഞു.
വടക്കാഞ്ചേരി വാഹനാപകടത്തിൽ ദുഃഖമറിയിച്ച് മുഖ്യമന്ത്രി; അപകടകാരണം അന്വേഷിക്കും