2021ലെ പ്രധാനമന്ത്രി ആവാസ് യോജന (അർബൻ)-ലൈഫ് പദ്ധതി നടപ്പാക്കുന്നതിലെ മികവിനുള്ള കേന്ദ്രസർക്കാരിൻ്റെ അവാർഡുകളിൽ കേരളത്തിന് മൂന്ന് പുരസ്കാരം. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കമ്മ്യൂണിറ്റി അധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കിയതിനാണ് ഒരു പുരസ്കാരം. ജാർഖണ്ഡിനും ഛത്തീസ്ഗഢിനും ഒപ്പമാണ് കേരളം ഒന്നാം സ്ഥാനം പങ്കിട്ടത്. വരുമാനവുമായി ബന്ധപ്പെടുത്തി നടപ്പാക്കിയ പദ്ധതിക്കാണ് രണ്ടാമത്തെ പുര്സ്കാരം. പദ്ധതി ഫലപ്രദമായി നടപ്പാക്കിയ നഗരസഭയ്ക്കുള്ള അവാർഡ് മട്ടന്നൂർ നഗരസഭയും സ്വന്തമാക്കി. പദ്ധതി കേരളം വിജയകരമായി നടപ്പാക്കിയതിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
കഴിഞ്ഞ മാസം സൗജന്യ ചികിത്സയിൽ ഇന്ത്യയിൽ സംസ്ഥാനം ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ മന്ഥൻ 4.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്ക്കാരമാണ് കേരളം സ്വന്തമാക്കിയത്. സംസ്ഥാനത്തിൻ്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. സെപ്റ്റംബറിൽ ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.