ലോക സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള കേരള സര്‍ക്കാരിൻ്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബല്‍ പീസ് സെൻ്റര്‍. നോര്‍വേ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ നോബല്‍ പീസ് സെൻ്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെജെര്‍സ്റ്റി ഫ്ലോഗ്സ്റ്റാഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്കുന്ന സ്ഥാപനമാണ് നോര്‍വേയിലെ നോബല്‍ പീസ് സെൻ്റര്‍.
സര്‍ക്കാരിൻ്റെ കഴിഞ്ഞ ബജറ്റില്‍ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ നോബല്‍ പീസ് സെൻ്ററുമായി സഹകരിച്ചു ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചു. ഒരു സര്‍ക്കാര്‍ ഇത്തരമൊരു സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് ഫ്ലോഗ്സ്റ്റാഡ് കൂട്ടിച്ചേര്‍ത്തു. സമാധാനത്തിനുള്ള നോബല്‍ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് തൻ്റെ തിരക്കുകള്‍ മാറ്റിവെച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഈ കൂടിക്കാഴ്ചക്ക് തയ്യാറായത്.
കേരളത്തിന്റെ ഔദ്യോഗികമായ നിര്‍ദ്ദേശം ഈ വിഷയത്തില്‍ ലഭിക്കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പീസ് സെൻ്ററിൻ്റെനേരിട്ടുള്ള നേതൃത്വത്തിലല്ലാതെ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറില്ല. ഒരു സംസ്ഥാന ഭരണകൂടം ഈ നിര്‍ദ്ദേശവുമായി മുന്നോട്ടുവന്ന സാഹചര്യത്തില്‍ അതുമായി സഹകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.