കോൺഗ്രസിനുള്ളിൽ പല പ്രവർത്തകരും അസന്തുഷ്ടരെന്ന് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വലിയ നേതാക്കളുടെ പിന്തുണയല്ല താൻ പ്രതീക്ഷിക്കുന്നതെന്നും സാധാരണ പ്രവർത്തകരുടെ ശബ്ദം കേൾപ്പിക്കാനാണ് ശ്രമമെന്നും തരൂർ വ്യക്തമാക്കി. ജനാധിപത്യ രാജ്യത്തെ പാർട്ടിയുടെ അകത്തും ജനാധിപത്യം വേണം. പാർട്ടി പ്രവർത്തകർക്ക് അവരുടെ അഭിപ്രായം അവതരിപ്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. വിഷയങ്ങൾ മനസിലാക്കി, പാർട്ടിയുടെ ഭാവിയെ കുറിച്ച് ചിന്തിച്ച് പ്രവർത്തകർ വോട്ടു ചെയ്യട്ടെ എന്നും തരൂർ പറഞ്ഞു.
ഇങ്ങനെ ഒരു തെരഞ്ഞെടുപ്പിൽ വലിയ നേതാക്കളുടെ പിന്തുണയല്ല ഞാൻ പ്രതീക്ഷിക്കുന്നത്. സാധാരണ പ്രവർത്തകരുടെ ശബ്ദം കേൾപ്പിക്കാനാണ് ശ്രമിക്കുന്നത്. പാർട്ടിയുടെ അകത്ത് അസംതൃപ്തരായവർക്കും, വിഷമം അനുഭവിക്കുന്നവർക്കും വേണ്ടി സംസാരിക്കാൻ ആരുമില്ല. ജനാധിപത്യമാകുമ്പോൾ പ്രവർത്തകർക്ക് അവരുടെ ശബ്ദം കേൾപ്പിക്കാം. പാർട്ടിയുടെ അകത്ത് അവരുടെ അഭിപ്രായം കേൾക്കാൻ ആരുമില്ലെന്ന് പ്രവർത്തകർക്ക് തോന്നരുത് എന്നും തരൂർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് വോട്ടുചെയ്യുന്നവർ ധൈര്യമില്ലാത്തവരാണെന്ന് പരോക്ഷമായി തരൂർ പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ധൈര്യമുളളവർ ഇഷ്ടപ്രകാരം വോട്ട് ചെയ്യുമെന്നും, ധൈര്യമില്ലാത്തവർ ആരെങ്കിലും പറയുന്നത് കേട്ട് വോട്ടുചെയ്യുമെന്നുമായിരുന്നു തരൂരിൻ്റെ പ്രതികരണം. മനഃസാക്ഷി വോട്ടാണ് പ്രതീക്ഷിക്കുന്നത്. തൻ്റെ പത്രിക പിൻവലിക്കാൻ രാഹുൽ ഗാന്ധിയോട് ചിലർ ആവശ്യപ്പെട്ടുവെന്നും എന്നാൽ താനത് ചെയ്യില്ലെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.
ഖാർഗെയ്ക്ക് വോട്ടുചെയ്യുന്നവർ ധൈര്യമില്ലാത്തവരാണെന്ന പരോക്ഷ പരിഹാസവുമായി ശശി തരുർ