പേര് കൊണ്ട് വിവാദമായ ജയസൂര്യയുടെ ഈശോ സിനിമ സോണി ലൈവിൽ റിലീസ് ചെയ്തു. ഈശോ എന്ന പേര് ദുരുപയോഗം ചെയ്യുന്നു എന്നാണ് ഈ സിനിമയ്ക്ക് എതിരെ ചിലർ ഉയർത്തിയ വിവാദം. സിനിമ കണ്ട് കഴിയുമ്പോൾ അങ്ങനെയാണോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്.
“ഞങ്ങളുടെ ശരീരത്തിൽ അമ്പലത്തിൻ്റെ പള്ളിയുടെയും ചോറ് ഉണ്ട്” എന്നാണ് ഒരു അഭിമുഖത്തിൽ ജയസൂര്യയും സംവിധായകൻ നാദിർഷയും പറഞ്ഞത്. അതുകൊണ്ട് പേരിൽ നിന്ന് തന്നെ തുടങ്ങാം.
നായകൻ്റെ ലക്ഷ്യത്തിന് ചേർന്ന പേരാണ് ഈശോ. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹത്തിൻ്റെ പേര് അതല്ല. പിന്നെ എങ്ങനെയാണ് അയാൾ ഈശോ ആകുന്നത്?. സിനിമ കഴിഞ്ഞിട്ടും അത് മനസ്സിലാക്കാൻ കഴിയാത്തവർക്ക് വേണ്ടി സംവിധായകൻ തന്നെ അവസാനം വെണ്ടക്ക അക്ഷരത്തിൽ എഴുതി കാണിക്കുന്നുണ്ട്. ആരാണ് ഈശോ..!
ആദ്യാവസാനം വരെ ഈശോ രക്ഷകൻ ആണോ ശിക്ഷകനാണോ എന്ന് മനസ്സിലാകാത്ത വിധം സസ്പെൻസ് നിലനിർത്തിയാണ് സിനിമ മുന്നോട്ട് പോകുന്നത്.
കഥയിൽ പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും ഈ കാലഘട്ടത്തിൽ പറയേണ്ട വിഷയത്തിലേക്ക് തന്നെയാണ് സിനിമ വിരൽചൂണ്ടുന്നത്. ജയസൂര്യയുടെ പാകപ്പെട്ട അഭിനയവും ജാഫർ ഇടുക്കിയോടൊപ്പമുള്ള കോംബിനേഷനും ഒട്ടും മടുപ്പിക്കാതെ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിങ്ങനെ എല്ലാ അഭിനേതാക്കളും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
ഒരു പിരിമുറുക്കത്തോടെ പറഞ്ഞുപോകുന്ന തിരക്കഥയ്ക്ക് അനുയോജ്യമായ സംവിധാന മികവ് നാദിർഷ കാഴ്ചവെച്ചിട്ടുണ്ട്. ഹാസ്യത്തിൽ നിന്നും ത്രില്ലർ പ്രമേയത്തിലേക്ക് ചുവടുമാറ്റിയപ്പോഴും അദ്ദേഹം പ്രേക്ഷകനെ നിരാശപ്പെടുത്തുന്നില്ല.
ബാക്കിയാകുന്ന ആ ഒരു ചോദ്യത്തിൻ്റെ ഉത്തരം സിനിമ കണ്ട് തന്നെ മനസിലാക്കണം.
ഈശോ രക്ഷകനോ..? ശിക്ഷകനോ..?