ധാക്ക: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. ഇന്ന് യുഎഇ വനിതകളെ 104 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. ദീപ്തി ശർമ്മയുടെയും ജെമിമ റോഡ്രിഗസിൻ്റെയും തകർപ്പൻ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ 178 റൺസ് നേടിയത്. ജെമിമ റോഡ്രിഗസ് പുറത്താകാതെ 75 റൺസും ദീപ്തി ശർമ്മ 64 റൺസും നേടി. ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോർബോർഡിൽ 19 റൺസുള്ളപ്പോൾ തന്നെ മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. റിച്ചാ ഘോഷ് (0), സബിനേനി മേഘന (10), ദയാലൻ ഹേമലത (2) എന്നിവരാണ് മടങ്ങിയത്. എന്നാൽ ക്രിസിൽ ഒന്നിച്ച ജെമിമയും ദീപ്തിയും ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. 128 റൺസിൻ്റെ കൂട്ടുകെട്ട് ഇരുവരും പങ്കിട്ടു.
മറുപടി ബാറ്റിംഗിൽ യുഎഇക്ക് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുക്കാനാണ് സാധിച്ചത്. തീർത്ഥ സതീഷ് (1), ഇഷ ഒസ (4), നടാഷ (0) എന്നിവർക്ക് കാര്യമായ സംഭാവനകൾ ചെയ്യാൻ ആയില്ല. 54 പന്തിൽ 30 റൺസുമായി പുറത്താവാതെ നിന്ന കവിഷ എഗോഡാഗെയാണ് യുഎഇയുടെ ടോപ് സ്‌കോറർ. ഖുഷി ശർമ 29 റൺസെടുത്തു. ഇന്ത്യക്കായി രാജേശ്വരി ഗെയ്കവാദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ദയാലൻ ഹേമലത ഒരു വിക്കറ്റ് വീഴ്ത്തി.