പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞ കേസിൽ റിയാലിറ്റി ഷോ താരം പിടിയിൽ. പോപ്പുലർഫ്രണ്ട് പ്രവർത്തകനായ കൊല്ലം കാര്യറ ആലുവിള വീട്ടിൽ ബാസിത് ആൽവിയാണ് അറസ്റ്റിലായത്. ഫ്ലവേഴ്സ് ചാനലിലെ ഒരു നിമിഷം എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് ബാസിത്. പോപ്പുലർ ഫ്രണ്ട് കൊല്ലം ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ബാസിത് അൽവിയാണ്, പുനലൂർ മാവിളയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി. വിതുര കെഎസ്ആർടിസി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിനുനേരെയാണ് ഇയാൾ കല്ലെറിഞ്ഞത്.
കേസിൽ പുനലൂർ കാര്യറ ദാറുസലാമിൽ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മൻസിലിൽ സെയ്ഫുദീൻ (25), കോക്കാട് തലച്ചിറ അനീഷ് മൻസിലിൽ അനീഷ് (31) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറിൽ ബസ്സിൻ്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി പി.രാഗേഷി(47)ന് കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവശേഷം ഒളിവിൽപോയ പ്രതിയെ പുനലൂർ ഇൻസ്പെക്ടർ രാജേഷ്കുമാർ, എസ്ഐമാരായ ഹരീഷ്, ജിസ് മാത്യൂ, സിപിഒമാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്കുനേരെ കല്ലേറുണ്ടായ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ട്.