‘താനൊരാളെ കൊന്നു കുഴിച്ചുമൂടി’ എന്ന് പോലീസ് സ്റ്റേഷനിലെത്തി തുറന്ന് പറയുന്ന അപർണ്ണ ബാലമുരളിയുടെ വേറിട്ട കഥാപാത്രം നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ഇനി ഉത്തരം. അടുത്തിടെ ചിത്രത്തിൻ്റെ ട്രെയിലർ ആരാധകരെ മുൾമുനയിൽ നിർത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ക്രൈം ത്രില്ലർ മൂവി ത്രസിപ്പിക്കുമെന്ന പ്രതീക്ഷയിലുമാണ് ആരാധകർ.
ഇപ്പോൾ ചിത്രത്തിലേയ്ക്ക് എത്തിയതിൻ്റെയും ആദ്യം നോ പറഞ്ഞതിനെയും കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് ഉത്തമൻ. ചിത്രത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ഹരീഷ് ഉത്തമൻ തൻ്റെ അനുഭവം പറഞ്ഞത്. സുധീഷ് രാമചന്ദ്രൻ ചെയ്യുന്ന ഇനി ഉത്തരം എന്ന ചിത്രത്തിലെ കഥാപാത്രം ആദ്യം വേണ്ടെന്ന് വെച്ചെന്ന് പറഞ്ഞ നടൻ കഥ കേട്ടപ്പോൾ തീരുമാനം മാറ്റുകയായിരുന്നുവെന്ന് താരം പറയുന്നു.
ചിത്രത്തിൽ പൊലീസ് വേഷമാണെന്ന് കേട്ടപ്പോൾ തന്നെ ആദ്യം നോ പറഞ്ഞു. പക്ഷേ കഥ കേട്ടിട്ട് മറുപടി നൽകിയാൽ മതിയെന്ന് പറഞ്ഞു, പിന്നെ ഒരു സുഹൃത്തും നിർബന്ധിച്ചതോടെ കഥ കേൾക്കാൻ തയ്യാറായി. കഥ അറിഞ്ഞതോടെ വിട്ടുകളയാനും തോന്നിയില്ല. ഒരിക്കലും ഈ ചിത്രത്തെ നഷ്ടപ്പെടുത്തി കളയരുതെന്ന് തോന്നിയെന്ന് ഹരീഷ് ഉത്തമൻ പറയുന്നു. ഈ തീരുമാനം തൻ്റെ ജീവിതത്തിൽ മികച്ചതായാണ് തോന്നിയിട്ടുള്ളതെന്നും നടൻ കൂട്ടിച്ചേർത്തു.
ഒരുപാട് പോലീസ് കഥാപാത്രങ്ങൾ ചെയ്തു കഴിഞ്ഞു. നെഗറ്റീവായും പോസിറ്റീവായും എല്ലാം. അതുകൊണ്ടു തന്നെ ഇനിയും അതാവർത്തിച്ചാൽ അതിൽ കുടുങ്ങിപ്പോകുമെന്ന ഭയം കൊണ്ടാണ് ഇനി ഉത്തരത്തിനോട് നോ പറയാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഹരീഷ് പറയുന്നു. ചിത്രത്തിൽ പോലീസ് വേഷമാണെങ്കിൽ കൂടിയും അത്രയും പ്രധാനപ്പെട്ട കാമ്പുള്ള ഒരു വേഷമാണ്. താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇനി ഉത്തരത്തിലേതെന്നും ഹരീഷ് പറഞ്ഞു.
ചിത്രത്തിൽ അപർണയുടെ നായകനായി എത്തുന്നത് സിദ്ധാർഥ് മേനോനാണ്. ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ചന്തുനാഥ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. രവിചന്ദ്രൻ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.