പീഡന പരാതി ഒതുക്കാൻ മഹിളാ നേതാവിന് ഡിസിസി അംഗത്തിൻ്റെ ഭീഷണി. തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവാണ് മഹിളാ നേതാവിനെ ഭീഷണിപ്പെടുത്തിയത്. മഹിളാ നേതാവിനെ മധു ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. തനിക്കെതിരെ പാർട്ടിക്കോ പോലീസിനോ പരാതി നൽകിയാൽ താൻ ജീവിച്ചിരിക്കില്ലെന്നായിരുന്നു വെട്ടമുക്ക് മധുവിൻ്റെ ഭീഷണി. തനിക്കെതിരെ പരാതി നൽകുന്നതിന് മുൻപ് ഒരു റീത്തുകൂടി കരുതിവെയ്ക്കണം. പരാതി നൽകിയാൽ തൻ്റെ ശവശരീരം കാണേണ്ടി വരും എന്ന് തുടങ്ങി തൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്വം യുവതിക്കായിരിക്കും എന്ന രീതിയിലിരുന്നു മധുവിൻ്റെ ഭീഷണി.
ആറ് മാസങ്ങൾക്ക് മുൻപ് പരാതിക്കാരിയായ യുവതിക്ക് വേട്ടമുക്ക് മധു പതിനായിരം രൂപ നൽകിയിരുന്നു. അതിനു പിന്നാലെയാണ് യുവതിയോട് ഇയാൾ നിരന്തരം അസഭ്യ സംഭാഷണങ്ങൾ നടത്തിയത്. എന്നാൽ യുവതി ഫോൺ കോൾ പലതവണ കട്ട് ചെയ്തപ്പോൾ ഇയാൾ വാട്സാപ്പിലൂടെ അശ്ളീല ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നൽകുകയായിരുന്നു. ഒടുവിൽ വീട്ടിൽ അതിക്രമിച്ച് കയറിയ മധു തന്നെ കടന്നുപിടിച്ചെന്നും മഹിളാ നേതാവ് പരാതിയിൽ പറയുന്നു.
മധുവിനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടും മധുവിൻ്റെ ശല്യം ഒഴിവായില്ല. മധുവിനെ സംരക്ഷിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചതെന്നും യുവതി വ്യക്തമാക്കി. ഇതോടെയാണ് കഴിഞ്ഞ മാസം മഹിളാ നേതാവ് പോലീസിൽ പരാതി നൽകിയത്. പരാതികാരിയുടെ മൊഴി രേഖപ്പെടുത്തിയ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് വർഷം മുൻപ് മറ്റൊരു പാർട്ടി പ്രവർത്തകയെ തല്ലിയെന്ന ആരോപണവും മധുവിനെതിരെ ഉണ്ട്. അതേസമയം കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മധുവിനായി ജില്ലയിലെ കെപിസിസി നേതാക്കളിൽ ചിലർ പരാതിക്കാരിയുമായി ബന്ധപ്പെട്ടിരുന്നു. സാമ്പത്തിക സാഹായം വാഗ്ദാനം നൽകി കേസ് പിൻവലിക്കാൻ നീക്കം നടക്കുന്നതായും വിവരമുണ്ട്.