കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത കേസിൽ നാല് വിദേശികളെ പിടികൂടി. ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ലൂക്ക, സാഷ, ഡാനിയല്‍, പൗള എന്നിവരെ ഗുജറാത്തിൽ വച്ചാണ് പിടികൂടിയത്. റെയിൽവേ ഗൂണ്‍സ് എന്ന സംഘത്തിൽപ്പെട്ടവരാണ് ഇവർ. അഹമ്മദാബാദ് മെട്രോയിൽ ഗ്രാഫിറ്റി വരച്ച കേസിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള ചോദ്യംചെയ്യലിൽ കൊച്ചി മെട്രോയിലും ഗ്രാഫിറ്റി വരച്ചത് ഇവരാണെന്ന് സമ്മതിക്കുകയായിരുന്നു.
മേയിൽ കൊച്ചി മെട്രൊയിലെ 4 കോച്ചുകളിൽ സ്പ്ലാഷ്, ബേൺ എന്നീ വാക്കുകൾ പെയിന്റ് ചെയ്തത് ഇവരാണെന്നാണ് പൊലീസ് വിലയിരുത്തൽ. കൊച്ചി മെട്രൊയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രാഫീറ്റി ചെയ്തത്. നാലു കോച്ചുകളില്‍ സ്പ്ലാഷ്, ബേണ്‍ തുടങ്ങിയ വാക്കുകളാണ് വരച്ചത്. കൊച്ചിയിലും മുംബൈയിലും ജയ്പൂരിലും മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിന് പിന്നില്‍ ഇവരാണെന്നാണ് അഹമ്മദാബാദ് പോലീസ് വ്യക്തമാക്കുന്നത്.