കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എം പി ശശി തരൂരിന് വീണ്ടും തിരിച്ചടി. നാമനിർദേശപത്രിക പിൻവലിക്കാൻ തെലങ്കാന പി സി സി ശശി തരൂരിനോട് ആവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രി ചിന്താ മോഹൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് തരൂരിനോട് ആവശ്യം ഉന്നയിച്ചത്. നേരത്തെ തന്നെ ഔദ്യോഗിക സ്ഥാനാർഥി മല്ലിഗാർജ്ജുൻ ഖാർഗെയ്ക്ക് തെലങ്കാന പി സി സി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തരൂരിനോട് നാമനിർദേശ പത്രിക പിൻവലിക്കാൻ പി സി സി ആവശ്യപ്പെട്ടത്.
തരൂർ തിങ്കളാഴ്ച നടത്തിയ പ്രചാരണ പരിപാടിയിൽ നിന്ന് സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം വിട്ടുനിന്നിരുന്നു. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന് എ ഐ സി സി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. ഈ മാർഗനിർദേശം പാലിച്ചാണ് നേതാക്കൾ തരൂരിൻ്റെ പ്രചാരണ പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് ഒരുവിഭാഗം നേതാക്കളുടെ വാദം.
എന്നാൽ ഔദ്യോഗിക സ്ഥാനാർഥി മല്ലിഗാർജ്ജുൻ ഖാർഗെയ്ക്ക് പിന്തുണയുമായി തെലങ്കാന പ്രതിപക്ഷ നേതാവ് കുണ്ടുരു ജന റെഡ്ഡി, പ്രതിപക്ഷ ഉപനേതാവ് മല്ലു ഭട്ടി വിക്രമാർക അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കേരളാ പി സി സിയും ഖാർഗെയ്ക്കാണ് പിന്തുണ നൽകിയത്. തിങ്കളാഴ്ച ഖാർഗെയെ പരസ്യമായി പിന്തുണച്ച് കേരളാ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. ജി 23 നേതാവായ ശശി തരൂരിനെ ജി 23 നേതാക്കളും പിന്തുണയ്ക്കുന്നില്ല.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; എതിർ സ്ഥാനാർത്ഥിയെ സംവാദത്തിന് വെല്ലുവിളിച്ച് ശശി തരൂർ