രാഷ്ട്രീയമുള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ സ്വാധീനിച്ച ജനനായകനാണ് സഖാവ് കോടിയേരി ബാലകൃഷ്ണനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏത് പ്രതികൂല സാഹചര്യത്തിലും സമചിത്തതയോടെ പാർട്ടിയെ മുന്നോട്ട് നയിച്ച ധീര വിപ്ലവകാരിയാണ് കോടിയേരിയെന്നും രോഗബാധിതനായി കഴിയുമ്പോഴും പാർട്ടിയിൽ തുടർന്ന് പ്രവർത്തിയ്ക്കുകയെന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹമെന്നും എം വി ഗോവിന്ദൻ ഓർത്ത് പറഞ്ഞു.
അര നൂറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും അധ്വാനിയ്ക്കുന്ന തൊഴിലാളി വർഗത്തിൻ്റെയും താല്പര്യങ്ങളുയർത്തിപ്പിടിച്ച നേതാവായിരുന്നു. കോടിയേരിയെ ഒരു നോക്ക് കാണാനും അന്തിമോപചാരമർപ്പിയ്ക്കാനും ജനങ്ങളാകെ വെമ്പൽ കൊള്ളുകയായിരുന്നു.
പതിനായിരക്കണക്കിനാളുകളാണ് അന്തിമോപചാരമർപ്പിയ്ക്കാൻ എത്തിച്ചേർന്നത്. പയ്യാമ്പലത്തേക്ക് വരുന്ന വഴികളിൽ മുദാവാക്യം വിളിച്ച് മനുഷ്യമതിൽ തീർത്ത് ജനങ്ങൾ അണിനിരക്കുകയായിരുന്നു. ഇതെല്ലാം കാണിക്കുന്നത് കോടിയേരിയെന്ന നായകൻ ജനങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നുമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വികാരനിർഭരനായി പറഞ്ഞു.