ഒരു എസ്എഫ്ഐക്കാരൻ എന്തായിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതായിരുന്നു, വിദ്യാർത്ഥിയായിരിക്കുമ്പോൾ കോടിയേരി. ഇന്ന് എന്തെല്ലാം ഗുണങ്ങളുടെ പേരിലാണോ കോടിയേരി ആദരിക്കപ്പെടുന്നത്, അവയെല്ലാം നന്നേ ചെറുപ്രായത്തിലേ അദ്ദേഹത്തിനുണ്ടായിരുന്നു. അസാമാന്യമായ പക്വത. നിലപാടുകളിൽ കടുകിടെ മാറില്ല. പക്ഷേ, അനാവശ്യമായ ഒരു വാക്കോ പ്രവൃത്തിയോ ഉണ്ടാവില്ല. ആരോടും അന്തസുവിട്ട പെരുമാറ്റമില്ല.
ദേശാഭിമാനി പത്രാധിപരും മുൻ സാഹിത്യ അക്കാദമി അധ്യക്ഷനുമായ ഡോ. കെ പി മോഹനൻ മാഷിൻ്റെ വാക്കുകളാണ്. മാഹി കോളജിൽ കോടിയേരിയുടെ അധ്യാപകനായിരുന്നു മാഷ്. പോണ്ടിച്ചേരി സർവകലാശാലയും സർക്കാരും കോളജുകളിൽ അച്ചടക്കം കർക്കശമായി പരിപാലിക്കുന്ന കാലം. മാഹിയിൽ കോളജ് ആരംഭിച്ച് പ്രവേശന നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിൽ പോലീസിൻ്റെ സ്പെഷ്യൽ ബ്രാഞ്ച് അധ്യാപകർക്ക് ഒരു മുന്നറിയിപ്പ് നൽകി. കോടിയേരി ഓണിയൻ സ്കൂളിൽ വൻ കുഴപ്പങ്ങളുണ്ടാക്കിയ ഒരുത്തന് അഡ്മിഷൻ കിട്ടിയിട്ടുണ്ട്, സൂക്ഷിക്കണം.
തനിക്കേറെ ആശ്വാസം നൽകിയ ഒരു വിവരമായിരുന്നു അതെന്ന് മോഹനൻമാഷ് ഓർക്കുന്നു. അച്ചടക്കത്തിൻ്റെ ഇരുമ്പിൻകൂടിനുള്ളിൽ ശ്വാസം മുട്ടുന്ന കാമ്പസുകളിലേയ്ക്ക് കോടിയേരിയെപ്പോലുള്ളവർ കടന്നുവരണമെന്ന് പുരോഗമനേച്ഛുക്കളായ അധ്യാപകർ തീവ്രമായി മോഹിക്കുന്ന കാലം. അവിടേയ്ക്കാണ് കോടിയേരി കടന്നു വന്നത്.
പക്ഷേ, സ്പെഷൽ ബ്രാഞ്ചുകാരുടെ പ്രവചനം പാതി പിഴച്ചു. ഭയങ്കരനായ കുഴപ്പക്കാരനെ പ്രതീക്ഷിച്ചിരുന്നവർക്കു മുന്നിലെത്തിയത് സൗമ്യനും പ്രകോപനങ്ങൾക്ക് കീഴ്പ്പെ- ടാത്തവനുമായ ഒരു വിദ്യാർത്ഥി. പക്ഷേ, നിലപാടുകളുടെ കാര്യത്തിൽ സൗമ്യതയൊന്നുമില്ല. നേതാവായി തന്നെയാണ് കോടിയേരി കോളജിലെത്തിയത്. നേതാവായിത്തന്നെ പ്രശ്നങ്ങളിൽ ഇടപെട്ടു. പക്ഷേ, ഒരിക്കലും മാന്യതയുടെയും പക്വതയുടെയും അതിർവരമ്പു ഭേദിച്ചില്ല.
സമരങ്ങളെത്തുടർന്ന് സസ്പെൻഷനുകൾ. പക്ഷേ, രക്ഷിതാവിനെയും കൂട്ടി വരണമെന്നും മാപ്പപേക്ഷ എഴുതിക്കൊടുക്കണമെന്നുമുള്ള കോളജ് അധികൃതരുടെ ആവശ്യം ഒരിക്കൽപ്പോലും അനുസരിച്ചില്ല. ആകെയുള്ളത് അമ്മയാണ്. അമ്മയെ ഈ ആവശ്യത്തിന് കോളജിൽ കൊണ്ടുവരാൻ കഴിയില്ല എന്ന നിലപാടിൽ നിന്ന് കോടിയേരി ഒരിഞ്ചുപോലും പിൻമാറിയില്ല. മാപ്പെഴുതിത്തരാനും തയ്യാറല്ല. സമരം ചെയ്യും. പക്ഷേ, പഠിക്കാൻ അനുവദിക്കണം. ഇതായിരുന്നു പ്രിൻസിപ്പലായിരുന്ന പ്രൊഫ. രവീന്ദ്രനോട് കോടിയേരി പറഞ്ഞത്.
കോടിയേരിയുടെ തുറന്ന സമീപനം അദ്ദേഹത്തിനും ഇഷ്ടമായിരുന്നു. കോടിയേരിയുടെ വീട്ടിലെ സാഹചര്യങ്ങളും പിന്നീട് പ്രിൻസിപ്പലിന് മനസിലായി. കോടിയേരിയുടെ കാര്യത്തിൽ അദ്ദേഹവും പിന്നെ കടുംപിടിത്തം പിടിച്ചില്ല.
കോടിയേരിയുടെ ഒരമ്മാവനായിരുന്ന നാണു നമ്പ്യാരുമായി അടുത്ത രാഷ്ട്രീയബന്ധം പുലർത്തിയിരുന്ന കാര്യവും മോഹനൻ മാഷ് ഓർക്കുന്നു. കോടിയേരിയുടെ കാര്യത്തിൽ വലിയ പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. ബാലകൃഷ്ണനെ ശ്രദ്ധിക്കണമെന്ന് പലപ്പോഴും അദ്ദേഹം തന്നോട് പറയുമായിരുന്നു എന്ന് മാഷ് ഓർക്കുന്നു. എന്നാൽ സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനായിരുന്ന ബാലകൃഷ്ണനെ അങ്ങനെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമില്ല എന്നായിരുന്നു മാഷിൻ്റെ മറുപടി.