കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണൻ്റെ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാര വായ്പോടെയായിരുന്നു പിണറായി പ്രസംഗത്തിലുടനീളം സംസാരിച്ചത്. എന്നാൽ ഇടറിയ വാക്കുകളുമായി സംസാരിച്ച മുഖ്യമന്ത്രിക്ക് പ്രസംഗം പൂർത്തിയാക്കാനായില്ല. വികാരനിർഭരനായി സംസാരിച്ച മുഖ്യമന്ത്രി പ്രസംഗം പാതിയിൽ നിർത്തുകയായിരുന്നു.
കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവർത്തനത്തിലൂടെ വിടവ് പരിഹരിക്കാൻ ശ്രമിക്കും. വലിയ നഷ്ടത്തിൽ ദു:ഖത്തിൽ ഒപ്പം ചേർന്നവർക്ക് നന്ദി.
കോടിയേരി രോഗാതുരനായപ്പോൾ അദ്ദേഹത്തെ ചികിൽസിച്ച ഒട്ടേറെ ഡോക്ടർമാരുണ്ട്, കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അവർ പരമാവധി ശ്രമം നടത്തി. കോടിയേരിയുടെ ചികിത്സ തുടങ്ങിയപ്പോൾ നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ശരീരം അപകടകരമായ നിലയിലേക്ക് പോയിരുന്നു. എല്ലാ ശ്രമങ്ങളും നടത്തി. പരമാവധി ശ്രമിച്ചു. പലയിടത്തായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരുണ്ട്, അവർക്കെല്ലാവർക്കും പ്രത്യേകിച്ച് ഡോ പ്രമോദിനും നന്ദി.
പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്നത് വലിയ വേദനയാണ് നാടിൻ്റെ നാനാഭാഗത്തുള്ള ജനങ്ങൾക്കും ഉണ്ടാക്കിയത്. അവരെല്ലാം അദ്ദേഹത്തെ കാണാൻ ഓടിയെത്തി. ആ വികാരവായ്പ് ഞങ്ങളെയെല്ലാം വികാരത്തിലാക്കിയെന്ന് പിണറായി പറഞ്ഞു.
‘കോടിയേരിയുടെ വേർപാട് എല്ലാവരെയും വേദനിപ്പിച്ചു. ഈ കനത്ത നഷ്ടത്തിൽ എല്ലാ പാർട്ടികളും പക്ഷം ഇല്ലാതെ പങ്ക് ചേർന്നു. മനുഷ്യനന്മ അവസാനിച്ചിട്ടില്ലെന്നതിൻ്റെ തെളിവാണത്. ഇത് ഈ കാലഘട്ടത്തിൽ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈകീട്ട് മൂന്നുമണിയോടെയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ൻ്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചത്. കോടിയേരിയുടെ മക്കളായ ബിനോയി കോടിയേരിയും ബിനീഷും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ജനനേതാവിന് കേരളം വിട നൽകിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് കോടിയേരിയുടെ മൃതദേഹം ചുമന്ന് പയ്യാമ്പലത്തെ ചിതയിലേക്ക് എത്തിച്ചത്.
മുൻ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ്റെയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപം പണിയും.