ഒരു വിപ്ലവകാരി വിഷമഘട്ടങ്ങളെ അതിജീവിക്കുന്നവനാണ്. ധൈര്യം കൊണ്ടും സ്ഥൈര്യം കൊണ്ടും പ്രതിസന്ധികളെ അതിജീവിക്കുന്ന ഒരു പോരാളിയാണ് യഥാർത്ഥ വിപ്ലവകാരി. കാൻസർ എന്ന സമാനതകളില്ലാത്ത വേദന സമ്മാനിക്കുന്ന ഒരു അസുഖത്തെ, അതിൻ്റെ വിഷമതകളെ, എപ്പോഴും ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട ശ്രീ കോടിയേരി ബാലകൃഷ്ണൻ സ്വജീവിതത്തിലൂടെ നമുക്ക് വരച്ചു കാട്ടിത്തരുന്ന ചിത്രവും അദ്ദേഹത്തിൻ്റെ ഉള്ളിൽ എന്നും സധൈര്യം വിഘ്നങ്ങളെ നേരിടുന്ന ഒരു പോരാളിയുടേതാണ്! പാൻക്രിയാറ്റിക് കാൻസർ കണ്ടെത്തിയതിനു ശേഷം പരിശോധനയ്ക്കും തുടർചികിത്സക്കും ആയി ഏകദേശം രണ്ടര വർഷം മുമ്പ് മറ്റൊരു ആശുപത്രിയിൽ നിന്ന് ജി ജി ആശുപത്രിയിൽ എത്തുമ്പോൾ അദ്ദേഹം രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. ഡോക്ടർ അരുൺകുമാർ എം എൽ (സർജിക്കൽ ഗ്യാസ്ട്രോ എൻറോളജിസ്റ്റ്), ഡോക്ടർ പ്രവീൺ (ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്) എന്നിവരുടെ സമയോചിതമായ ഇടപെടൽ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി. തുടർന്ന് ജിജി ആശുപത്രിയിൽ ചേർന്ന പ്രത്യേക യോഗത്തിൽ സന്നിഹിതനായ ആശുപത്രിയുടെ ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ അവർകൾ, അദ്ദേഹത്തിന് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുവാൻ വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ഷീജ ജി മനോജ് എന്നിവർക്ക് നിർദ്ദേശം നൽകി. തുടർന്നു ഒരു മെഡിക്കൽ കമ്മിറ്റി അടിയന്തിരമായി രൂപീകരിക്കപ്പെട്ടു.
ചികിത്സയിൽ ഒരു മൾട്ടി ഡിസിപ്ലിനറി അപ്രോച്ച് ആയിരിക്കണം സ്വീകരിക്കേണ്ടത് എന്ന് കമ്മിറ്റി തീരുമാനിക്കുകയും കീമോതെറാപ്പി അടക്കമുള്ള തുടർ ചികിത്സ പദ്ധതികൾ അവലോകനം ചെയ്യുകയും ചെയ്തു. ഡോക്ടർ ബോബൻ തോമസ് (മെഡിക്കൽ ഓങ്കോളജിസ്റ്റ്),ഡോക്ടർ നരേന്ദ്രനാഥൻ(സീനിയർ മെഡിക്കൽ ഗ്യാസ്ട്രോ എൻററോളജിസ്റ്റ്), ഡോക്ടർ ജീവൻ (മെഡിക്കൽ സൂപ്രണ്ട്) ഡോക്ടർ കൃഷ്ണകുമാർ (അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അരുൺകുമാർ എം എൽ (സർജിക്കൽ ഗ്യാസ്ട്രോ എൻററോളജിസ്റ്റ്), ഡോക്ടർ വൈശാഖ് പ്രസാദ് (ചീഫ് റേഡിയോളജിസ്റ്റ്), ഡോക്ടർ പ്രവീൺ കേശവ് (ഇൻറർവെൻഷണൽ റേഡിയോളജിസ്റ്റ്), ഡോക്ടർ സഞ്ജയ് സക്കറിയ ( ജനറൽ മെഡിസിൻ) ഡോക്ടർ റൈന ടി പിള്ള(ജനറൽ മെഡിസിൻ) ഡോക്ടർ ജ്യോതിദേവ് (ഡയബറ്റോളജിസ്റ്റ്, ഡോക്ടർ ജ്യോതിദേവ് സെൻറർ) ഡോക്ടർ ടോണി പാറയിൽ ജോസഫ് (എൻഡോക്രൈനോളജിസ്റ്റ്),ഡോക്ടർ ജിത്തു കെ വി (ഇന്റൻസിവിസ്റ്റ്) എന്നിവർ അടങ്ങുന്ന വിദഗ്ധസംഘം എന്നും അഭിപ്രായങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും ആയി അരികെ ഉണ്ടായിരുന്നു, അദ്ദേഹത്തിൻ്റെ ചികിത്സ പുരോഗതി സമയബന്ധിതമായി വിലയിരുത്തുകയും ചെയ്തിരുന്നു. ശ്രീ.ഗോകുലം ഗോപാലൻ അവർകൾ തൻ്റെ ഉറ്റ സുഹൃത്തായ ശ്രീ. കോടിയേരിയുടെ ചികിത്സാ വിവരങ്ങളും പുരോഗതിയും വളരെ താൽപര്യത്തോടെ അന്വേഷിച്ചു അറിഞ്ഞിരുന്നു. രോഗത്തിൻ്റെ അസ്വസ്ഥതകൾ ആരംഭിക്കുമ്പോൾ തന്നെ ജി ജി ആശുപത്രിയുടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കരുതലിൻ്റെയും സ്നേഹത്തിൻ്റെയും വലയത്തിലേക്ക് അദ്ദേഹം ഓടി അണഞ്ഞിരുന്നു.
എപ്പോഴും ആ അസ്വസ്ഥതകൾ പരിഹരിച്ച് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ സാധിച്ചു എന്നതാണ് ഞങ്ങളുടെ ചാരിതാർത്ഥ്യം! അദ്ദേഹത്തിൻ്റെ സ്വന്തം വാക്കുകൾ കടമെടുത്താൽ സ്വന്തം വീട്ടിൽ എന്നത് പോലുള്ള ഒരു അന്തരീക്ഷം അദ്ദേഹത്തിന് ജിജി ഹോസ്പിറ്റലിൽ എന്നും ലഭിച്ചിരുന്നു. എല്ലായ്പ്പോഴും ആശുപത്രിയിൽ അദ്ദേഹത്തിൻ്റെ നിഴലായി നടന്നു ആവശ്യമായ പരിചരണം നൽകിയ അച്ചു ബ്രദർ,വിവിധ ഡിപ്പാർട്ട്മെന്റിലെ മറ്റ് ഡോക്ടർമാർ,നഴ്സുമാർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ,പാരാമെഡിക്കൽ ടെക്നീഷ്യന്മാർ, അറ്റെന്റർമാർ, പേഷ്യന്റ് കേയർ അസിസ്റ്റന്റ്മാർ,സുരക്ഷാ വിഭാഗം ജീവനക്കാർ, മറ്റെല്ലാ വിഭാഗങ്ങളിലും പെട്ട ജീവനക്കാർ, എല്ലാവരെയും ഈ അവസരത്തിൽ കൃതജ്ഞതയോടെ സ്മരിക്കുകയാണ്. അവസാനമായി ചെന്നൈലേക്ക് പോകുന്നതുവരെ ഈ ബന്ധം അനുസ്യൂതം ഊഷ്മളമായി തുടർന്നു. അദ്ദേഹത്തോടൊപ്പം ചിലവിട്ട നാളുകൾ അദ്ദേഹത്തെ അടുത്തറിയാൻ പര്യാപ്തമായി. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളും ചികിത്സാ വിധികളും അണുവിടാൻ തെറ്റിക്കാതെ പാലിച്ചിരുന്നു അദ്ദേഹം. ഒരിക്കലും പരാതിയുടെയോ പരിഭവത്തിന്റേതോ ആയ ഒരു ലാഞ്ചന പോലും ആ മുഖത്ത് ജിജി ആശുപത്രിയിലെ ജീവനക്കാർ കണ്ടിട്ടില്ല. തൻ്റെ രോഗവിവരങ്ങൾ ആരാഞ്ഞറിയാൻ എത്തുന്നവർ ഉന്നത നേതാക്കളോ സാധാരണ പാർട്ടി പ്രവർത്തകരോ ആകട്ടെ അദ്ദേഹം ഒരു പുഞ്ചിരിയോടെ എല്ലാം ശരിയാവും എന്ന് പറയുകയും സ്വന്തം കർമ്മ മണ്ഡലത്തിൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്യും. അല്പം ആരോഗ്യം വീണ്ടെടുത്താൽ പാർട്ടിയുടെ പ്രധാന യോഗങ്ങളിൽ പങ്കെടുക്കാൻ ഡോക്ടർമാരുടെ അനുവാദം തേടിയിരുന്ന അദ്ദേഹം ഞങ്ങൾക്കെല്ലാം ഒരു അത്ഭുതം ആയിരുന്നു. വേദന കടിച്ചമർത്തി ഒരു ചെറുപുഞ്ചിരിയോടെ ശിശു തുല്യമായ നിർബന്ധത്തോടെ അദ്ദേഹം ആവശ്യപ്പെടുമ്പോൾ മറുത്ത് പറയാൻ ഡോക്ടർമാർക്കും അവതല്ലായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരിൽ ഒരാളായ അദ്ദേഹം സ്വന്തം കർമ്മമണ്ഡലത്തെ എത്രത്തോളം ആത്മാർത്ഥതയോടെ സ്നേഹിച്ചു, സേവിച്ചു എന്ന് ഞങ്ങൾ അടുത്തുനിന്ന് അറിഞ്ഞു. അത് അദ്ദേഹത്തിൽനിന്ന് ഞങ്ങൾ പഠിച്ച ഒരു വിലയേറിയ പാഠമാണ്. രോഗം മൂർച്ഛിച്ചപ്പോൾ,ചെന്നൈയിൽ വിദഗ്ധ ചികിത്സ അത്യാവശ്യമാണ് എന്ന് തീരുമാനമെടുത്തപ്പോൾ, ജിജി ആശുപത്രിയുടെ മാനേജ്മെൻറ് എയർ ലിഫ്റ്റിങ്ങിന് ആവശ്യമായ, ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള, എല്ലാ സജ്ജീകരണങ്ങളും അടിയന്തിരമായി ഒരുക്കി നൽകാൻ നിർദ്ദേശം നൽകി. നിറകണ്ണുകളോടെ ആരോഗ്യവാനായി തിരിച്ചെത്തട്ടെ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ അദ്ദേഹത്തെ യാത്രയയച്ചു.
വിട ശ്രീ കോടിയേരി ബാലകൃഷ്ണൻ. ആദരണീയനായ പൊതുപ്രവർത്തകൻ ആയ അങ്ങ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനിക്കാനാവുന്ന ഒരു ഉജ്ജ്വല നക്ഷത്രമാണ്. രോഗാവസ്ഥയിൽ അങ്ങേക്ക് ആശ്വാസമായി നിൽക്കാൻ കഴിഞ്ഞത് അങ്ങനെ അങ്ങയെ അടുത്തറിയാൻ കഴിഞ്ഞത്, എന്നും ഞങ്ങളുടെ മനോമുകുരത്തിൽ ഒരു ദീപ്ത സ്മരണയായ് തിളങ്ങി നിൽക്കും !
ജിജി ആശുപത്രി കുടുംബം.