മുംബൈ: സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗം കുമാർ ഷിരാൽക്കർ അന്തരിച്ചു. ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് സ്ഥാപക നേതാവായിരുന്നു അദ്ദേഹം. ദീർഘകാലമായി മഹാരാഷ്ട്രയിലെ തൊഴിലാളി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് കുമാർ ഷിരാൽക്കർ. വർഷങ്ങളായി ക്യാൻസർ ബാധിതനായിരുന്നു. നാസിക്കിലെ സ്വകാര്യ ആശുപത്രിയിൽ ഞായർ വൈകിട്ട് ഒമ്പതിനായിരുന്നു അന്ത്യം.
അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയൻ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. എൻജിനിയറിങ് ബിരുദധാരിയായ ഇദ്ദേഹം 2014ലാണ് പാർടിയിൽ ചേർന്നത്. വനാവകാശ നിയമത്തിനായുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യം മുഴുവൻ സഞ്ചരിച്ചു. അദ്ദേഹത്തിൻ്റെ മരണം രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രണ്ട് പുസ്തകം രചിച്ചിട്ടുണ്ട്.