അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെത്തിച്ചു . ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിച്ച കോടിയേരിയുടെ മൃതദേഹം പൊതുദർശനമാരംഭിച്ചു. വൈകുന്നേരം വരെ പൊതുദർശനമുണ്ടാകും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ബിജെപി നേതാവ് സി കെ പി പത്മനാഭന് തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
പ്രിയ നേതാവിനെ കാണാൻ വലിയ ജനാവലിയാണ് കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ ഒത്തുകൂടിയത്. ആയിരങ്ങൾ സംസ്ഥാനത്തിൻ്റെ പല ഭാഗത്തുനിന്നായി ജില്ലാ കമ്മറ്റി ഓഫീസിലേക്ക് ഒഴുകിയെത്തുന്നുണ്ട്. പകൽ 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ ആരംഭിച്ച പൊതുദർശനം ഒരുമണിക്കൂർ നീണ്ടു. മാടപ്പീടികയിൽ നിന്നാണ് മൃതദേഹം ജില്ലാ കമ്മറ്റി ഓഫീസിലെത്തിച്ചത്.
വൈകീട്ട് മൂന്ന് മണിയോടെയാണ് സംസ്കാരം. കേരളം കണ്ട ഏക്കാലത്തെയും മികച്ച ആഭ്യന്തര മന്ത്രി കൂടിയായിരുന്ന കോടിയേരിയെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിക്കുക. എകെജി, നായനാർ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് മഹാരഥൻമാർ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്താണ് കോടിയേരിക്കും ചിതയൊരുക്കിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ്റെയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുക. ഇരുവരും പാർടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയും.
സംസ്കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.