മാഹി കോളജിൻ്റെ ആദ്യ ചെയർമാനായി കോടിയേരി ബാലകൃഷ്ണൻ തിരഞ്ഞെടുക്കുമ്പോൾ ജനറൽ സെക്രട്ടറിയായിരുന്നു എ പി മോഹനൻ. മാഹിക്കാരനാണ് മോഹനൻ. കോളജിലെ ആദ്യ ചെയർമാനെക്കുറിച്ചും, ജീവിതാവസാനം വരെ നീണ്ട ഹൃദയബന്ധത്തെക്കുറിച്ചും ഏറെ പറയാനുണ്ട്, അദ്ദേഹത്തിന്.
200 പേരായിരുന്നു ആദ്യ പ്രീഡിഗ്രി ബാച്ചിൽ. പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾത്തന്നെ കോളജിലേയ്ക്ക് ആ വാർത്തയെത്തി. തലശേരിയിൽ നിന്ന് ഉശിരനായൊരു നേതാവ് വരുന്നുണ്ട്. ആളല്ല, വാർത്തയാണ് ആദ്യം വന്നത്. വന്നപ്പോഴോ. കേട്ടറിഞ്ഞതിനെക്കാൾ കേമൻ. തീപ്പൊരി പ്രസംഗകൻ. സംഘാടനത്തിന്റെ മർമ്മറിയുന്ന കേഡർ. വിദ്യാർത്ഥി രാഷ്ട്രീയമൊന്നും അക്കാലത്ത് മാഹിയ്ക്ക് അത്ര പരിചിതമല്ല. അങ്ങിങ്ങ് ചില കൂട്ടായ്മകൾ. അല്ലറ ചില്ലറ യോഗങ്ങൾ.
ബാലകൃഷ്ണൻ വന്നതോടെ കാര്യങ്ങൾക്കൊരു ചിട്ടയായി. പ്രസംഗമായിരുന്നു കോടിയേരിയുടെ ആയുധം. ആരെയും പിടിച്ചിരുത്തുന്ന ശൈലിയിൽ വാക്കുകൾ പ്രവഹിക്കും. ഇലക്ഷൻ കാമ്പയിനിൽ, കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ നയം എങ്ങനെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും ദോഷമാകുന്നുവെന്ന് വ്യക്തതയോടെ വിശദീകരിക്കാൻ അന്നും കോടിയേരിയ്ക്ക് കഴിഞ്ഞിരുന്നു എന്ന് മോഹനൻ ഓർക്കുന്നു. കൌമാരക്കാരനായ കോടിയേരി ശക്തമായി ഉന്നയിച്ച കോടിയേരിയുടെ നേതൃത്വത്തിൽ കോളജിൽ പുരോഗമന രാഷ്ട്രീയം പടർന്നു. ആദ്യബാച്ചിൽ മാഹിക്കാർ കുറവായിരുന്നു. അഴീക്കൽ, ചൊക്ലി, പാനൂർ മേഖലയിലെ വ്യക്തമായ രാഷ്ട്രീയബോധമുള്ള കുട്ടികൾക്കായിരുന്നു അന്ന് മാഹി കോളജിൽ ഭൂരിപക്ഷം.
ഇടതുപക്ഷത്തിനു വേണ്ടി യൂണിയൻ തെരഞ്ഞെടുപ്പിലേയ്ക്ക് പാനലുണ്ടായി. കേരളത്തിലും മാഹിയിലുമുള്ള കുട്ടികൾക്ക് പങ്കാളിത്തമുള്ള പാനലാണ് തയ്യാറാക്കിയത്. കെഎസ്എഫ് എന്ന ബാനറിലായിരുന്നില്ല മത്സരിച്ചത്. ചെയർമാൻ സ്ഥാനത്തേയ്ക്ക് കേരളത്തിൽ നിന്ന് ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മാഹിക്കാരനായ എ പി മോഹനൻ.
അന്ന് കുമാരൻ മാസ്റ്ററായിരുന്നു മാഹി എംഎൽഎ. കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് പാനലിൽ പ്രാതിനിധ്യം കിട്ടിയത് അദ്ദേഹത്തെപ്പോലുള്ളവർക്ക് രസിച്ചില്ല. കേരളത്തിൽ നിന്നു വന്നവർ മാഹി കോളജിനെ നശിപ്പിക്കും എന്ന പ്രചരണവുമായി ഒരു സംഘം രംഗത്തിറങ്ങി. വാശിയേറിയ മത്സരത്തിൽ പുരോഗമന പക്ഷത്തിൻ്റെ പാനൽ വിജയിച്ചു.
അതോടെ പ്രശ്നം രൂക്ഷമായി. മാഹി കോളജ് യൂണിയനിലേയ്ക്ക് മാഹിയ്ക്കുപുറത്തുള്ളവർ ജയിച്ചത് സങ്കുചിത പ്രാദേശികവാദവുമായി നടന്നവർക്ക് ഒട്ടും രസിച്ചില്ല. കേരളത്തിലുള്ളവരെ മാഹിക്കാർക്കു മീതെ പ്രതിഷ്ഠിച്ചത് താനാണ് എന്ന തരത്തിലായിരുന്നു പ്രാദേശികവാദികളുടെ കടുത്ത ആക്രമണമെന്ന് മോഹനൻ ഓർമ്മിക്കുന്നു. പുറത്തുള്ളവരുമായി ചേർന്ന് മാഹിക്കാരെ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരുസംഘം വീട്ടിലെത്തി പരാതി പറഞ്ഞ സംഭവവും അദ്ദേഹം T 21 നോട് എടുത്തു പറഞ്ഞു.
ആയിടയ്ക്കാണ് തിരുവനന്തപുരത്തെ എംജി കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന സ. ദേവപാലൻ്റെ രക്തസാക്ഷിത്വം. സഖാവിൻ്റെ കൊലപാതകത്തിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കാമ്പസുകളിൽ പ്രതിഷേധമിരമ്പി. കോടിയേരിയുടെ നേതൃത്വത്തിൽ മാഹി കോളജിലും സമരം കൊടുമ്പിരിക്കൊണ്ടു. ഇതോടെ പ്രാദേശികവാദികൾ വീണ്ടും പ്രകോപിതരായി. സമരം ചെയ്തവരെ പുറത്താക്കണമെന്ന് മാഹിയിലെ രക്ഷിതാക്കൾ കോളജ് അധികൃതരോട് ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ സസ്പെൻഷനിലായി. പിന്നെ സസ്പെൻഷനെതിരെ സമരം.
ചെയ്തത് തെറ്റായിപ്പോയെന്നും ഇനി സമരം ചെയ്യില്ലെന്നുമുള്ള മാപ്പപേക്ഷ സമർപ്പിച്ചാൽ തിരിച്ചെടുക്കാമെന്നായി കോളജ് അധികൃതർ. തങ്ങളെല്ലാം അതിനു വഴങ്ങിയെന്ന് മോഹനൻ. പക്ഷേ, കോടിയേരി മാത്രം അതിനു തയ്യാറായില്ല. മാപ്പപേക്ഷ നൽകാത്ത കോടിയേരിയൊഴിച്ച് മറ്റെല്ലാവരും കോളജിൽ പ്രവേശിച്ചു. കോടിയേരിയുടെ സസ്പെൻഷൻ നീണ്ടു.
ഒരു ദിവസം കോളജിലെത്തി കോടിയേരി പ്രിൻസിപ്പലിനെ കണ്ടു. അദ്ദേഹത്തോട് വളരെ സൌമ്യമായി കാര്യം പറഞ്ഞു. “ഞാനേതായാലും മാപ്പപേക്ഷ നൽകാൻ പോകുന്നില്ല. എന്തു വന്നാലും അങ്ങനെ എഴുതിത്തരില്ല. ആ കാരണത്താൽ എൻ്റെ ഭാവി നശിപ്പിക്കാനാണോ ഉദ്ദേശ്യം?”
ആ ചോദ്യം പ്രിൻസിപ്പലിൻ്റെ ഉള്ളിൽ തറച്ചു. കൊല്ലം സ്വദേശിയായ പ്രൊഫസർ രവീന്ദ്രനായിരുന്നു പ്രിൻസിപ്പൽ.തനിക്കാരുടെയും ഭാവി നശിപ്പിക്കണമെന്നില്ലെന്നായി പ്രിൻസിപ്പൽ. പിന്നെ നീണ്ട മീറ്റിങ്ങുകൾ. അധ്യാപകരിൽ ഭൂരിപക്ഷവും കോടിയേരിയ്ക്ക് അനുകൂലമായിരുന്നു. കെ പി മോഹനൻ മാഷും യതീന്ദ്രൻ മാഷുമൊക്കെയാണ് കോടിയേരിയെ തിരിച്ചെടുക്കണമെന്ന് ശക്തിയായി വാദിച്ചത്.
ഒടുവിൽ സസ്പെൻഷൻ പിൻവലിച്ചു. അങ്ങനെ മാപ്പപേക്ഷ എഴുതിക്കൊടുക്കാതെ തലയുയർത്തി കോടിയേരി വീണ്ടും കാമ്പസിലേയ്ക്ക്… കർക്കശമായിരുന്നു കോടിയേരിയുടെ നിലപാടുകൾ. പക്ഷേ, അത് ഒട്ടും പ്രകോപിതനാകാതെ, സൌമ്യമായ ഭാഷയിലും ശൈലിയിലും അവതരിപ്പിക്കാൻ ഒരു പ്രത്യേക മിടുക്കു തന്നെ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് എ പി മോഹനൻ ഓർക്കുന്നു.
കോളജിലെ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയിലും കോടിയേരി സജീവമായി പങ്കെടുത്തു. 2015ൽ എല്ലാവരും ഒത്തുകൂടിയപ്പോൾ എം മുകുന്ദനായിരുന്നു വിശിഷ്ടാതിഥി.