വിവാഹത്തലേന്നത്തെ ഒരുക്കങ്ങളുടെ കൂട്ടായ്മയിലേയ്ക്ക് നിറഞ്ഞ ചിരിയുമായി കോടിയേരി കടന്നുവരുന്ന വൈറലായ വീഡിയോയിലെ വീട് ഈങ്ങൽപ്പീടികയ്ക്കടുത്ത് മൂഴിക്കരയിൽ. പരേതനായ ബാൽരാജ് സതി ദമ്പതികളുടെ മൂത്ത മകൾ സബിദയുടെ വിവാഹവീഡിയോയിലെ ദൃശ്യങ്ങളാണ് വൈറലായത്. സബിദയും ഭർത്താവ് പ്രസീദ് ബാബുവും ഇപ്പോൾ വടകരയിലാണ്.
കോടിയേരിയുമായി അടുത്ത സൌഹൃദമുണ്ടായിരുന്നു സബിദയുടെ പിതാവ് ബാൽരാജിന്. അദ്ദേഹം കോടിയേരി സഹകരണ ബാങ്ക് ഡയറക്ടറും ഈങ്ങൽപീടികയിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. വിജ്ഞാനവേദി ഗ്രന്ഥശാലയുടെ സ്ഥാപകാംഗവും കുട്ടിമാക്കൂൽ ശ്രീനാരായണ സാംസ്ക്കാരിക കേന്ദ്രത്തിൻ്റെ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഒരു വർഷം മുമ്പേ മരണപ്പെട്ടു.
ഈ കുടുംബവുമായി അടുത്ത സൗഹൃദമാണ് കോടിയേരിയ്ക്കുണ്ടായിരുന്നത്. അന്ന് കോടിയേരിയ്ക്കൊപ്പം വിവാഹത്തലേന്ന് വീട്ടിലെത്തിയവരിൽ തലശേരി മുൻ നഗരസഭാ ചെയർമാന്മാരായിരുന്ന സി കെ രമേശൻ, കെ പി രവീന്ദ്രൻ എന്നിവരും ഐ വി ദാസ് മാഷും ലോക്കൽ സെക്രട്ടറിയായിരുന്ന പി പി ഗംഗാധരനും ലോക്കൽ കമ്മിറ്റി അംഗം കെ ഇ ഗംഗാധരനും ഉണ്ടായിരുന്നു എന്ന് സബിദയുടെ അമ്മ സതിയും സഹോദരൻ ബ്രിജേഷും ഓർക്കുന്നു. ആഭ്യന്തരമന്ത്രിയുടെ തിരക്കുകൾക്കിടയിൽ തൻ്റെ വിവാഹത്തിനും കോടിയേരി വീട്ടിലെത്തിയെന്ന് ബ്രിജേഷ് പറയുന്നു.
ജന്മനാട്ടിലെ ഓരോ വീടിനും കോടിയേരിയെക്കുറിച്ച് ധാരാളം ഓർമ്മകളുണ്ട്. രാഷ്ട്രീയത്തിൽ ഉന്നതമായ ചുമതലകളോ പദവിയുടെ വലിപ്പമോ അദ്ദേഹത്തെ നാട്ടിൽ നിന്ന് അകറ്റിയില്ല. എല്ലാ ബന്ധങ്ങളും വിലപ്പെട്ടതായി കരുതി. ഒന്നും മുറിഞ്ഞുപോകാൻ അനുവദിച്ചുമില്ല.
“അന്ന്, ജയിലിൽ നിന്നിറങ്ങിയ കോടിയേരിയ്ക്ക് തലശേരിയിൽ നിന്ന് ജന്മനാടു വരെ കാൽനടയായി സ്വീകരണജാഥ”