അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ കുറിപ്പിട്ട പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. കോൺഗ്രസ് നേതാവായ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ മുൻ ഗൺമാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. കോടിയേരിയെ കൊലപാതകി എന്ന് അധിക്ഷേപിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട ഇയാൾക്കെതിരെ സിപിഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് പരാതി നൽകിയത്. തുടർന്ന് ഉറൂബിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു.
എൽവിഎച്ച്എസ് പിടിഎ 2021-22 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് കുറിപ്പിട്ടത്. ഉറൂബിനെതിരെ പരിശോധിച്ച് നടപടിയെടുക്കാമെന്ന ഉറപ്പിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
സംസ്ഥാന പോലീസ് സേനയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. മുൻ ഡിജിപി ജേക്കബ് പൊന്നൂസും മറ്റു ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും കോടിയേരിയെ മികച്ച സംഘാടകനും, ആഭ്യന്തര മന്ത്രിയും, മികച്ച മനുഷ്യനുമായി വിലയിരുത്തുന്ന സമയത്താണ് ഉറൂബിൻ്റെ അധിക്ഷേപം.
കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പോലീസുകാരും 30 വർഷം സേവനം ചെയ്തു കോൺസ്റ്റബിൾ ആയിത്തന്നെ റിട്ടയർചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽ നിന്നു യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ HC റാങ്കും 23 കൊല്ലത്തിൽ ASI റാങ്കും ഇന്ത്യയിൽ ആദ്യമായി നൽകിയ വ്യക്തിയാണ് കോടിയേരി. കേരളത്തിൽ ജനമൈത്രി പൊലീസിന് തുടക്കം കുറിച്ചതും അദ്ദേഹമാണ്. കേരളത്തിലെ ആയിരക്കണക്കിന് എക്സ്സർവീസുകാരെ ഹോംഗാർഡുകളാക്കി പോലീസിൻ്റെയും നാട്ടുകാരുടെയും സഹായികളാക്കിയതും അദ്ദേഹം തന്നെ. കേരളത്തിൽ ആദ്യമായി തണ്ടർബോൾട് കമാൻഡോ ഉള്ള ബറ്റാലിയനും തീരദേശ പോലീസും കടലിൽ പോകാൻ പോലീസിന് ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രത സമിതികളും അദ്ദേഹമാണ് സ്ഥാപിച്ചത്.
അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കോടിയേരി ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാത്രി 8:30 ഓടെയാണ് അന്ത്യം. 70 വയസായിരുന്നു.