കേരളത്തിലെ സിപിഎമ്മിൻ്റെ മുഖവും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം ഇന്ന് കേരളക്കരയെ സങ്കട കടലിലാഴ്ത്തിയിരിക്കുകയാണ്. അർബുദ രോഗ ബാധിതനായി ചികിത്സയിൽ കഴിയുമ്പോഴും ഒരു പുഞ്ചിരിയോടെയുള്ള ചിത്രം പുറത്ത് വിട്ട് മടങ്ങി വരുമെന്ന പുത്തൻ പ്രതീക്ഷകൾ നൽകിയ നേതാവ് അപ്രതീക്ഷിതമായി വിടപറഞ്ഞതിന്റെ ആഘാതത്തിലാണ് പാർട്ടിയും അണികളും.
പുഞ്ചിരിക്കുന്ന മുഖമായ കോടിയേരി ഇന്നലെ വൈകീട്ടോടെയാണ് ലോകത്തോട് വിടപറഞ്ഞത്. അർബുദമെന്ന രോഗം വരിഞ്ഞു മുറുക്കിയപ്പോഴും നെഞ്ചുറപ്പോടെ നിന്ന് നേരിട്ട കോടിയേരി ബാലകൃഷ്ണന് അവസാനമായി ഒരു നോക്ക് കാണുവാൻ തലശ്ശേരിയിലേയ്ക്ക് ജനം ഒഴുകിയെത്തുകയാണ്. പ്രിയപ്പെട്ട നേതാവ് അഭിവാദ്യം അർപ്പിക്കാൻ കണ്ണീരോടെയാണ് അണികളും തലശ്ശേരിയിലേയ്ക്ക് എത്തുന്നത്.
ഇപ്പോൾ കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഓർമ പങ്കുവെച്ചത്. കോടിയേരി ബാലകൃഷ്ണൻ എന്ന പേര് സ്‌കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ പത്രങ്ങളിലൂടെ പരിചിതമായിരുന്നുവെന്ന് എം സ്വരാജ് പറയുന്നു. 1995ലാണ് ആദ്യമായി നേരിൽ കണ്ടത്, അന്നദ്യമായി നേരിൽ കണ്ടു, പ്രസംഗം കേട്ടു, അഗ്നി സാന്നിധ്യമുള്ള ആ വാക്കുകൾ പകർന്ന ഊർജ്ജം ചെറുതായിരുന്നില്ലെന്ന് സ്വരാജ് പറയുന്നു.
കുറിപ്പ്;
കോടിയേരി ബാലകൃഷ്ണൻ എന്ന പേര് സ്‌കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ പത്രങ്ങളിലൂടെ പരിചിതമായിരുന്നു. 1995ലാണ് ആദ്യമായി നേരിട്ട് കണ്ടത്. അന്ന് സഖാവ് പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. ആ വർഷം എസ് എഫ് ഐ മലപ്പുറം ജില്ലാ സമ്മേളനം തേഞ്ഞിപ്പലത്ത് വെച്ചാണ് നടന്നത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് കോടിയേരിയായിരുന്നു. അന്നാദ്യമായി നേരിൽ കണ്ടു, പ്രസംഗം കേട്ടു. അഗ്‌നി സാന്നിദ്ധ്യമുള്ള വാക്കുകൾ പകർന്ന ഊർജ്ജം ചെറുതായിരുന്നില്ല.
അക്കൊല്ലം തന്നെ കോടിയേരി ക്യാപ്റ്റനായി സി പി ഐ (എം) സംസ്ഥാന ജാഥ സംഘടിപ്പിക്കുകയുണ്ടായി. നിലമ്പൂരിലെ ജാഥാ സ്വീകരണവും പ്രസംഗവും ഇപ്പോഴും ഓർമയിലുണ്ട്. അസാധാരണമായ ചരിത്രബോധവും മനുഷ്യ സ്‌നേഹവും കോടിയേരിയുടെ കരുത്തായിരുന്നു. സങ്കീർണമായ രാഷ്ട്രീയ – സംഘടനാ പ്രശ്‌നങ്ങളെ ലളിതമായി , അനായാസമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുമ്പോഴും ആരോടും വ്യക്തിപരമായ ശത്രുതയോ അകൽച്ചയോ ഉണ്ടായിരുന്നില്ല. കോടിയേരിയുടെ ശൈലി രാഷ്ട്രീയ പ്രവർത്തകർക്കാകെ വെളിച്ചം പകരുന്നതായിരുന്നു. വാക്കുകളിലൂടെ പകർന്നു നൽകിയ കരുത്തും വെളിച്ചവും ബാക്കിയാക്കി സഖാവ് കാേടിയേരി വിട വാങ്ങി. ഇനിയെന്നും ആ ഓർമകൾ നമുക്ക് വഴികാട്ടും.
1998 ലാണ് സഖാവിനെ പരിചയപ്പെടുന്നത്. അന്നുമുതൽക്കിങ്ങോട്ട് നൂറു നൂറ് ഓർമകൾ സഖാവുമായുണ്ട്. ഓരോ നിമിഷവും ഓരോ വാക്കും ഉള്ളിൽ സൂക്ഷിയ്ക്കുന്നു. സഖാവിന് എന്നെ അറിയാമായിരുന്നു. എനിക്ക് സഖാവിനെയും. പ്രിയ സഖാവെ അഭിവാദനങ്ങൾ..