ന്യൂ ജനറേഷൻ സിനിമകളുടെ കാലത്തും മാറ്റി നിർത്താൻ കഴിയാത്ത മലയാള സിനിമയുടെ ഭാഗമാണ് നടൻ ഇന്ദ്രൻസ്. 1956-ൽ പാലവില കൊച്ചുവേലുവിന്റെയും ഗോമാതിയുടെയും ഏഴു മക്കളിൽ രണ്ടാമനായി കുമാരപുരത്ത് ജനിച്ച സുരേന്ദ്രൻ എന്ന വ്യക്തി ഇന്ദ്രൻസ് എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി നടന്നു കയറാൻ കുറച്ചല്ല, വർഷങ്ങൾ വേണ്ടി വന്നു. വസ്ത്രാലങ്കാരനായി സിനിമാ ലോകത്ത് വർഷങ്ങളോളം നിന്ന് കാലുറപ്പിച്ച് ദേശീയ നടനായി എത്തിയതിനു പിന്നിൽ താരത്തിന്റെ കഠിന പ്രയത്നം കൂടിയുണ്ട്.
ദേശീയ പുരസ്കാരത്തിൽ എത്തിയിട്ടും താരജാഡകളില്ലാതെ ആരാധകരോട് ഇടപഴകാൻ കഴിയുന്ന നടൻ എന്ന ചോദ്യത്തിന് ഇന്ദ്രൻസ് എന്ന് മാത്രമാണ് ഉത്തരം. മലയാളത്തിൽ ഇതുവരെ 250ഓളം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടിട്ടുള്ളത്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലാണ് ഇന്ദ്രൻസ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. പിന്നീട് സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി.
ഒരു കാലത്ത് ശരീര പ്രകൃതി കൊണ്ട് ഒരുപാട് കളിയാക്കലുകൾ നേരിട്ട താരം ആ ശരീരം കൊണ്ട് തന്നെ ആരാധകരെ നേടിയെടുത്തു. ദേശീയ പുരസ്കാരത്തിന് പുറമെ, മികച്ച നടനുള്ള പുരസ്കാരം സംസ്ഥാന സർക്കാരിൽ നിന്നും ഇന്ദ്രൻസ് ഏറ്റുവാങ്ങിയിട്ടുണ്ട്. അഭിനയിക്കാൻ ക്യാമറയ്ക്ക് മുൻപിൽ എത്തിയാൽ നവാഗത സംവിധായകരാണെങ്കിൽ പോലും സാർ പറയൂ നമുക്ക് അതുപോലെ ചെയ്യാമെന്ന് എളിമയോടെ പറയുന്ന മറ്റൊരു നടനെ കാണാൻ കഴിയില്ലെന്നതാണ് സത്യം.
ഈ എളിമയും വിനയവുമാണ് ഇന്ദ്രൻസിനെ പ്രേക്ഷകരുടെ സ്വന്തമാക്കി തീർത്തത്. ഇപ്പോഴിതാ ഒരു കലാകാരി തന്റെ ചിത്രം ഇലയിൽ വരച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഇന്ദ്രൻസ്. വ്യത്യസ്തമായ ഈ ചിത്രം സമ്മാനിച്ചത് അക്ഷയ ചന്ദ്രൻ എന്ന കൊച്ചുകലാകാരിയാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ നേരിട്ട് എത്തിയാണ് അക്ഷയ ഇന്ദ്രൻസിന് താൻ വരച്ച ചിത്രം കൈമാറിയത്.
അക്ഷയയുടെ ആരാധനാ മൂർത്തി കൂടിയാണ് ഇന്ദ്രൻസ് എന്ന മറ്റൊരു പ്രത്യേകത കൂടിയണ്ട്. നിരവധി താരങ്ങളുടെ ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ടെങ്കിലും തന്റെ ഇഷ്ട താരത്തിന് സമ്മാനിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയാണ് അക്ഷയയിൽ പ്രകടമാകുന്നത്. തന്റെ പ്രിയപ്പെട്ട ആരാധികയോട് അതേ ഇഷ്ടം നടൻ തിരിച്ചും കാണിക്കുന്നത്.