ചിരിയുണർത്താൻ റേപ്പ് ജോക്കുകളെ ആശ്രയിക്കേണ്ടി വരുന്നത് ഇക്കാലത്ത് സംവിധായകൻ്റെയും തിരക്കഥാകൃത്തിൻ്റെയും ഗതികേടാണ്. അത്തരം തമാശരംഗങ്ങളിൽ സ്വയം മറന്ന് അഭിനയിക്കുന്ന താരങ്ങൾ നാടിൻ്റെ ഗതികേടാണ്. അത്തരമൊരു രംഗമുണ്ട് ഇക്കഴിഞ്ഞ ദിവസം റിലീസായ മേം ഹൂം മൂസ എന്ന സുരേഷ് ഗോപിച്ചിത്രത്തിൽ.
പച്ചത്തെറി ഉച്ചത്തിൽ പറഞ്ഞും അശ്ലീലാംഗ്യങ്ങൾ ക്ലോസപ്പിൽ കാണിച്ചും തിരശീലയിൽ കുത്തിയൊഴുകിയ ധാർമ്മികരോഷപ്രകടനങ്ങളിലൂടെ സൂപ്പർതാര പദവി നേടിയ നടനാണ് സുരേഷ് ഗോപി. രഞ്ജി പണിക്കരുടെ തൂലികയിൽ വിരിഞ്ഞ ക്ഷോഭിക്കുന്ന യുവാവിനെ ഷാജി കൈലാസ് ഉശിരും വീര്യവും ചോരാതെ തിരശീലയിലേയ്ക്ക് പകർത്തിയപ്പോൾ തീയേറ്ററുകൾ പൂരപ്പറമ്പായി. പക്ഷേ, പുതിയ തലമുറയ്ക്ക് ആ ചിത്രങ്ങൾ കടുത്ത സ്ത്രീവിരുദ്ധതയുടെയും ആണഹങ്കാര കൂത്താട്ടത്തിന്റെയും തിരനാടകങ്ങൾ കൂടിയാണ്.
അവരുടെ ബോധ്യങ്ങളിലേയ്ക്കാണ് മേം ഹൂം മൂലയിലെ റേപ്പ് ജോക്ക് വിസർജിക്കപ്പെടുന്നത്. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടവരിൽ അത്തരം തമാശകൾ കേൾക്കുമ്പോഴും ആഘോഷിക്കുമ്പോഴുമുണ്ടാകുന്ന ആഘാതം, ഇക്കാലത്തും നമ്മുടെ ചലച്ചിത്ര രചയിതാക്കൾക്ക് മനസിലാകുന്നില്ല. ഒരു കേസ് ഉണ്ടാക്കാൻ മൂസയോട് വക്കീൽ പറയുന്ന സന്ദർഭത്തിലാണ്, അതൊരു ബലാത്സംഗം ആയാലോ എന്ന ചോദ്യം മറ്റൊരു കഥാപാത്രം ഉയർത്തുന്നത്.
ബലാത്സംഗക്കേസുകളെല്ലാം ഇത്തരത്തിലുണ്ടാക്കുന്ന കള്ളക്കേസുകളാണെന്ന് ധ്വനിപ്പിക്കുകയാണോ, അതോ ഏറ്റവും ലാഘവത്തോടെ ഉണ്ടാക്കാൻ പറ്റുന്നത് ബലാത്സംഗക്കേസാണെന്ന് സ്ഥാപിക്കുകയാണോ സംവിധായകൻ്റെയും എഴുത്തുകാരൻ്റെയും ലക്ഷ്യം?
“കണ്ടോനെ കൊന്നു സ്വർഗ്ഗം തെണ്ടി നടക്കുന്ന മാപ്പിള അല്ല മൂസ, ഇന്ത്യ രാജ്യത്തിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറായ ഇസ്ലാമാണ് മൂസ” എന്ന പരസ്യവാചകം കൊണ്ട് റിലീസ് ദിവസം തന്നെ പ്രേക്ഷകൻ്റെ കണ്ണിൽ കുത്തിയ ചിത്രമാണ് മേ ഹൂം മൂസ. ഈ പരസ്യവാചകത്തിൽ ഹരം കൊള്ളുന്ന ഒരു പ്രേക്ഷക സമൂഹം സിനിമയിലെ റേപ്പ് ജോക്കിനും കൈയടിക്കും.
രണ്ടും സിനിമയ്ക്കു പിന്നിലുള്ളവരുടെ നിലവാരത്തിൻ്റെ സൂചനയാണെന്നത് വേറെ കാര്യം.