കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ. പാർട്ടി നേതൃത്വത്തിൽ നിന്ന് താൻ അവഗണന നേരിടുകയാണെനന്നായിരുന്നു ശശി തരൂർ എംപിയുടെ പ്രതികരണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്റിൽ ഉൾപ്പെടെ തനിക്ക് അർഹതപ്പെട്ട അവസരം നൽകുന്നില്ല. അധ്യക്ഷ തെരഞ്ഞെടുപ്പിൽ എ കെ ആൻ്റണി ഉൾപ്പെടെയുള്ള നേതാക്കളിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നെന്നും ശശി തരൂർ വ്യക്തമാക്കി.
പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും വരുന്നത് ഡൽഹിയിൽ നിന്നാണ്. സോണിയാ ഗാന്ധിയുടെ ഒപ്പ് ഇല്ലെങ്കിൽ ഒരു ജില്ലാ അധ്യക്ഷനെ നമുക്ക് മാറ്റാൻ സാധിക്കില്ല. അങ്ങനെയാണെങ്കിൽ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷൻ്റെ റോൾ എന്താണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം കുറച്ച്കൂടി ശക്തിയും അധികാരവും നൽകണമെന്നും ശശി തരൂർ പറഞ്ഞു. എ കെ ആൻ്റണി ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള നേതാക്കളുടെ സഹായവും പിന്തുണയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല. എന്നാൽ ഇതിനെ ഞാൻ വലിയൊരു നഷ്ടമായി കാണുന്നില്ല. കാരണം കേരളത്തിലെ യുവാക്കൾ തന്നോടൊപ്പമുണ്ട്. താൻ യഥാർത്ഥ നെഹ്റു ലോയലിസ്റ്റാണ്. വളരെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും ശശി തരൂർ പറഞ്ഞു.
നീണ്ട ഇരുപത്തിരണ്ട് വർഷത്തിന് ശേഷമാണു കോൺഗ്രസിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജി 23 നേതാവായ ശശി തരൂരിന് പുറമെ മുൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലിഗാർജ്ജുൻ ഖാർഗെയും മത്സര രംഗത്തുണ്ട്. എന്നാൽ ജി 23 നേതാക്കൾ പിന്തുണയ്ക്കുന്നത് മല്ലികാർജ്ജുൻ ഖാർഗെയെയാണ്. കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും മല്ലിഗാർജ്ജുൻ ഖാർഗെയെയാണ് പിന്തുണയ്ക്കുന്നത്. എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥൻ ശശി തരൂരിനെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു. ഒക്ടോബർ പതിനേഴിനാണ് വോട്ടെടുപ്പ്. ഒക്ടോബർ പത്തൊൻമ്പത്തിന് വോട്ടെണ്ണൽ.
കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ;സൂക്ഷ്മ പരിശോധന പൂര്ത്തിയായി, മത്സര രംഗത്ത് രണ്ട് പേര് മാത്രം