സിനിമ പ്രേക്ഷകർ കാത്തിരുന്ന പൊന്നിൽ സെൽവൻ ഒന്നാം ഭാഗം മികച്ച പ്രതികരണങ്ങളുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചോളസിംഹാസനത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും രാജ്യാധികാരം കൈക്കലാക്കാന്‍ ശത്രുക്കള്‍ നടത്തുന്ന ചതിയും ഉപജാപങ്ങളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. കല്‍ക്കിയുടെ നോവലിനോട് പൂര്‍ണമായും നീതി പുലര്‍ത്തും വിധം ക്ലാസിക് ശൈലിയില്‍ തന്നെയാണ് മണിരത്നം ചോളസാമ്രാജ്യത്തെ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്. പക, പ്രതികാരം, അധികാരമോഹം, പ്രണയം, പ്രണയനൈരാശ്യം, വഞ്ചന എന്നിങ്ങനെ പല വികാര തലങ്ങളിലൂടെയാണ് കഥയും കഥാപാത്രങ്ങളും കടന്ന് പോകുന്നത്. വൻ താരനിരയും, വി എഫ് എക്സ് ഉം ഒക്കെ ഉൾപ്പെടുത്തിയെടുത്ത ചിത്രമാണെങ്കിലും മണിരത്നം ശൈലി ചിത്രത്തിലുടനീളം തെളിഞ്ഞു കാണാം.
അഞ്ച് ഭാഗങ്ങളിലുള്ള ബൃഹത്തായ ഒരു നോവിലെ മൂന്ന് മണിക്കൂര്‍ നേരമുള്ള സിനിമയായി ഒതുക്കുമ്പോഴും കഥയുടെ ആത്മാവ് ചോര്‍ന്ന് പോകാതിരാക്കാന്‍ തിരക്കഥാകൃത്തുക്കളായ ജയമോഹനും ഇളങ്കോ കുമാരവേലിനും സാധിച്ചിട്ടുണ്ട്. മുന്‍വിധികളോ മറ്റു സിനിമകളുമായുള്ള താരതമ്യപ്പെടുത്തലുകളോ ഇല്ലാതെ സിനിമ കാണാന്‍ ചെന്നാല്‍ പ്രേക്ഷകനെ ഒരു തരത്തിലും നിരാശപ്പെടുത്താത്ത വിധമാണ് മണിരത്നം പൊന്നിയിന്‍ സെല്‍വനെ ഒരുക്കിയിരിക്കുന്നത്. ഒന്നാം ഭാഗം കണ്ട പ്രേക്ഷകരെല്ലാം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.