ന്യൂഡൽഹി: അരുണാചൽ പ്രദേശ്,നാഗാലാൻഡ് സംസ്ഥാനങ്ങളിൽ അഫ്സ്പ നിയമം വീണ്ടും നീട്ടി. സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ. അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലും നാഗാലാൻഡിലെ 9 ജില്ലകളിലുമാണ് അഫ്സ്പ നിയമം നീട്ടുന്നത്. ആറുമാസത്തേക്ക് കൂടിയാണ് അഫ്സ്പ നിയമം നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഒക്ടോബർ ഒന്ന് മുതൽ അടുത്തവർഷം മാർച്ച് 30വരെയാണ് നീട്ടിയത്.
നാഗാലാൻഡിലെ ദിമാപൂർ, നിയുലാൻഡ്, ചുമൗകെദിമ, മോൺ, കിഫിർ, നോക്ലാക്, ഫെക്ക്, പെരെൻ, സുൻഹെബോട്ടോ ജില്ലകളിലാണ് നിയമം നീട്ടിയിരിക്കുന്നത്. ഈ ജില്ലകളിൽ ഇന്ന് മുതൽ അടുത്ത വർഷം മാർച്ച് 30 വരെ അഫ്സ്പ നീട്ടിയതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
തിരപ്, ചാങ്ലാങ്, ലോങ്ഡിംഗ് എന്നീ മൂന്ന് ജില്ലകളിലാണ് അരുണാചൽ പ്രദേശിൽ അഫ്സ്പ നീട്ടിയിരിക്കുന്നത്. ഇത് കൂടാതെ നംസായി, മഹാദേവ്പൂർ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിലും അഫ്സ്പാ നീട്ടിയിട്ടുണ്ട്.
1958-ലെ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമം സുരക്ഷാ സേനകൾക്ക് മുൻകൂർ വാറണ്ട് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും സൈനിക ഓപ്പറേഷൻ നടത്താനും അധികാരം നൽകുന്നു, കൂടാതെ ആരെയെങ്കിലും വെടിവച്ചു കൊന്നാൽ സുരക്ഷാ സേനയ്ക്ക് അറസ്റ്റിൽ നിന്നും പ്രോസിക്യൂഷനിൽ നിന്നുമുള്ള പ്രതിരോധം നൽകുന്നു.