ന്യൂഡൽഹി: രാജ്യത്തെ അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനങ്ങൾക്ക് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് 5G സേവനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യ മൊബൈൽ കോൺഗ്രസിൻ്റെ ഉദ്ഘാടന വേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ രാജ്യത്തെ പ്രധാന 13 നഗരങ്ങളിലാണ് സേവനങ്ങൾ ലഭിക്കുക. ശാസ്ത്ര ആരോഗ്യ മേഖലകളിലെ പഠനത്തിനും ഗവേഷണത്തിനും 5ജി സേവനങ്ങൾ കരുത്താകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
2023 അവസാനത്തോടെ രാജ്യത്തിൻ്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്വർക്ക് ദാതാക്കൾ അറിയിച്ചിട്ടുണ്ട്. കൂടാതെ നഗരങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 2024 മാർച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.
കഴിഞ്ഞ ജൂലായ് അവസാനം ഏഴു ദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയർന്നിരുന്നു. 51.2 ജിഗാഹെർട്സ് സ്പെക്ട്രമാണ് ലേലത്തിൽ പോയത്. മുകേഷ് അംബാനി (റിലയൻസ് ജിയോ), സുനിൽ മിത്തൽ (എയർടെൽ), രവീന്ദർ ടക്കർ(വൊഡാഫോൺ ഐഡിയ) എന്നിവർ 5ജി സ്പെക്ട്രം ലേലം സ്വന്തമാക്കിയിരുന്നു.