പോപ്പുലർ ഫ്രണ്ടിൻ്റെ മൂന്ന് ഓഫീസുകൾ കൂടി അടച്ചു പൂട്ടി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പുതിയകാവിനു സമീപത്തെ പോപ്പുലർ ഫ്രണ്ട് ദക്ഷിണമേഖലാ ആസ്ഥാനമായ കാരുണ്യ ട്രസ്റ്റ് ഓഫീസ്, പള്ളിമുക്കിലെ ജില്ലാ കമ്മിറ്റി ഓഫീസ്, അഞ്ചൽ കൈതാടിയിലെ കൊല്ലം ഈസ്റ്റ് മേഖലാ ഓഫീസ് എന്നിവയാണ് സീൽ ചെയ്തത്. എൻഐഎ, കേരളാ പോലീസ് സംഘമാണ് ഓഫീസ് സീൽ ചെയ്തത്. കരുനാഗപ്പള്ളിയിലെ ഓഫീസ് കൊച്ചിയിൽനിന്ന് എത്തിയ രണ്ടംഗ എൻഐഎ സംഘവും കേരളാ പോലീസും രാത്രി ഏഴര കഴിഞ്ഞ് വെവ്വേറെ പൂട്ടി സീൽവയ്ക്കുകയായിരുന്നു.
പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഓഫീസ് സീൽചെയ്തത്. ഓഫീസ് തുറക്കാനോ കൈമാറ്റത്തിനോ വിൽക്കാനോ ശ്രമിക്കരുതെന്നും എൻഐഎ സംഘം നിർദേശംനൽകി. പോപ്പുലർ ഫ്രണ്ട് റെയ്ഡിനെ തുടർന്ന് ഒളിവിൽ പോയിരുന്ന അബ്ദുൾ സത്താറിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി എസ് പി വി എസ് പ്രദീപ്കുമാർ, സിഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികൾ. അബ്ദുൽ സത്താറിനെ കഴിഞ്ഞ ദിവസം ഇതേ ഓഫീസിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പോപ്പുലർ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ നിരവധി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചു പൂട്ടിയിരുന്നു. വെള്ളിയാഴ്ച കോഴിക്കോട് മീഞ്ചന്തയിലുള്ള സംസ്ഥാന കമ്മറ്റി ഓഫീസും അടച്ചു പൂട്ടിയിരുന്നു.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനു പിന്നാലെ കർശനനടപടികൾ നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം ഇതിൻ്റെ ഭാഗമാണ്. പോപ്പുലർ ഫ്രണ്ടിൻ്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ പൂട്ടി സീൽ വെക്കുന്നതിന് പുറമെ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. കലക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കുമാണ് നടപടികൾക്കുള്ള അധികാരം നൽകിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്.