തമിഴ്നാട്ടിലെ ആർഎസ്എസ് റൂട്ട് മാർച്ചിന് വീണ്ടും തിരിച്ചടി. റൂട്ട് മാർച്ച് തടഞ്ഞു കൊണ്ടുള്ള തമിഴ്നാട് സർക്കാർ ഉത്തരവ് ശരിവച്ച് മദ്രാസ് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്നുള്ള അതീവ ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ടെന്ന സർക്കാർ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. പകരം നവംബർ ആറിന് റൂട്ട് മാർച്ച് നടത്താമെന്നും കോടതി നിർദേശിച്ചു. ഗാന്ധി ജയന്തി ദിനത്തിലാണ് ആർഎസ്എസ് റൂട്ട് മാർച്ച് തീരുമാനിച്ചിരുന്നത്.
തമിഴ്നാട്ടിലാകെ 51 സ്ഥലങ്ങളിലാണ് ആർഎസ്എസ് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പോപ്പുലർ ഫ്രണ്ട് നിരോധനം കണക്കിലെടുത്ത് സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. പിഎഫ്ഐ നിരോധനത്തിൻ്റെ ഭാഗമായി സുരക്ഷയെ മുൻനിർത്തി സംസ്ഥാനത്താകെ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ചെന്നൈയിൽ സുരക്ഷക്കായി നാലായിരവും കോയമ്പത്തൂരിൽ ആയിരത്തിലധികവും പൊലീസുകാരെ ചുമതലപ്പെടുത്തി.
നേരത്തെ തിരുവളളൂർ ജില്ലയിൽ മാത്രമാണ് ആർഎസ്എസ് മാർച്ചിന് നിരോധനമുണ്ടായിരുന്നത്. തിരുവള്ളൂരിൽ പോലീസ് മേധാവിയാണ് ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചിരുന്നത്. ഇതിനെതിരെ ആർഎസ്എസ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും വക്കീൽ നോട്ടീസയച്ചിരുന്നു. ഇതോടെയാണ് സർക്കാർ സംസ്ഥാന വ്യാപകമായി ആർഎസ്എസ് മാർച്ചിന് അനുമതി നിഷേധിച്ചത്.
ക്രമസമാധാനപാലനത്തിന് സംസ്ഥാന സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. പിഎഫ്ഐയുടെ നിരോധനത്തിന് പിന്നാലെ ഇസ്ലാമിക സംഘടനകൾ മാർച്ചിനെതിരെ പ്രതിഷേധം നടത്തുന്നുണ്ട്. വർഗീയവികാരം വ്രണപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.