രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പതിനൊന്നുപേരെയാണ് കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഏഴ് ദിവസമായി ചോദ്യം ചെയ്ത വരുന്ന പ്രതികളെ എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഡാലോചന നട്തതിയെന്നും ലഷ്കർ ഇ തൊയ്ബ, ഐഎസ് പോലയുള്ള ഭീകര സംഘടകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ എൻ ഐ എ ചുമത്തിയിട്ടുള്ളത്.
സെപ്റ്റംബർ ഇരുപത്തിരണ്ടിന് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പതിനഞ്ച് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ 106 പേരാണ് അറസ്റ്റിലായത്. എൻഐഎയും എൻഫോയ്സ്മെന്റ്ഡയറക്ടറേറ്റും സംയുക്തമായാണ് റെയ്ഡ് നടത്തിയത് . റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് രാജ്യവിരുദ്ധ പ്രവത്തനങ്ങൾ നടത്തിയതിൻ്റെ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേരളത്തിലെയും ഉത്തർപ്രദേശിലെയും പ്രമുഖരെയും വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി.
ബുധനാഴ്ച രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. അഞ്ച് വർഷത്തേക്കാണ് നിരോധനം. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ പോപ്പുലർ ഫ്രണ്ടിൻ്റെ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്എഫ്ഐ നേതാവ് അഭിമന്യുവിൻ്റെ കൊലപാതകമുൾപ്പടെ കേരളത്തിൽ പിഎഫ്ഐ നടത്തിയ മൂന്ന് കൊലപാതകങ്ങളും നിരോധനത്തിന് കാരണമായിരുന്നു.